തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അധികസർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി. സ്വകാര്യ ബസ് സമരം നേരിടാനാണ് കൂടുതൽ സർവ്വീസ് നടത്താനുള്ള കെഎസ്ആർടിസി എം ഡി യുടെ നിർദ്ദേശം. സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. സർക്കാരിനെ സമ്മർദ്ദത്തിലാക്കിയാൽ നേരിടുമെന്നും നിരക്ക് വർദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാർജ് വർദ്ധനവ് ചർച്ചയായില്ല.
നിരക്ക് വർദ്ധനവിൽ നാളെ നാളെ നീളെ നീളെ എന്ന തരത്തിലുള്ള സർക്കാരിന്‍റെ സമീപനത്തിലാണ് സ്വകാര്യ ബസ് ഉടമകൾക്ക് പ്രതിഷേധം. നിരക്ക് വർദ്ധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തീരുമാനിച്ച അനിശ്ചിതകാല പണിമുടക്കിൽ പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.
ഒരു ഭാഗത്ത് നിരക്ക് ഉയർത്തുന്നതിൽ ആഘാതം നേരിടേണ്ടി വരുന്ന സാധാരണ ജനങ്ങൾ. മറുഭാഗത്ത് പ്രതിസന്ധി ഉയർത്തി സമരം ചെയ്യാൻ ഒരുങ്ങുന്ന സ്വകാര്യ ബസുടമകൾ. ഇതിനിടയിലാണ് സർക്കാർ. നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി ഇന്നും ആവർത്തിച്ചു. എന്നാൽ എന്ന് മുതൽ എങ്ങനെ വേണമെന്നതിൽ വ്യക്തത വരുത്താൻ മന്ത്രി ഇന്നും തയ്യാറായില്ല.
വിലക്കയറ്റത്തിലും ഇന്ധന നിരക്ക് ഉയരുന്നതിലും ജനങ്ങൾ നട്ടം തിരിയുമ്പോൾ ബസ് ചാർജ് വർദ്ധന മന്ത്രിസഭ വൈകിപ്പിക്കുകയാണ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ അജണ്ടയിൽ വിഷയം ഉൾപ്പെട്ടില്ല. മാർച്ച് അവസാനം ചേരുന്ന എൽഡിഎഫ് യോഗം വരെ തീരുമാനം നീണ്ടേക്കും. ഓട്ടോ ടാക്സി ഉടമകളും സമരത്തിലേക്ക് നീങ്ങും എന്ന് സർക്കാരിനെ അറിയിച്ച് കഴിഞ്ഞു.