കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിനുസമീപം ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ കൊറിയൻ യുവതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ദക്ഷിണ കൊറിയയുടെ ചെന്നൈ കോൺസുലേറ്റ് ജനറൽ ഓഫിസിലേക്ക് കൊണ്ടുപോയി. ഇവരെ ഉടൻ നാട്ടിലേക്ക് തിരിച്ചയക്കും. അതേസമയം പീഡനം നടന്നില്ലെന്ന് യുവതിതന്നെ മൊഴി നൽകിയതിനാൽ കേസന്വേഷണം അവസാനിപ്പിച്ചതായി ടൗൺ എസ്.ഐ സുഭാഷ് ചന്ദ്രൻ പറഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിയെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. യുവതി പൊലീസ് അന്വേഷണവുമായി സഹകരിക്കാതിരുന്നതോടെയാണ് അന്വേഷണസംഘം കോൺസുലേറ്റുമായി ബന്ധപ്പെട്ടത്. നേരത്തെ മാനസിക പ്രശ്നമുണ്ടെന്നും പീഡനത്തിനിരയായെന്ന് വെറുതെ പറഞ്ഞതാണെന്നും യുവതി കോൺസുൽ ഉദ്യോഗസ്ഥർക്കുമുമ്പാകെ മൊഴി നൽകിയതോടെയാണ് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. നിലവിലെ അന്വേഷണത്തിൽ പീഡനം സംബന്ധിച്ച സൂചനകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല.
ടൂറിസ്റ്റ് വിസയിൽ ഡിസംബർ ഒമ്പതിന് കരിപ്പൂരിൽ വിമാനമിറങ്ങിയ യുവതി കോഴിക്കോട്ടെത്തി നഗരത്തിലെ രണ്ട് ഹോട്ടലുകളിൽ താമസിച്ചശേഷം തിരിച്ചു നാട്ടിലേക്ക് പോകാനായി 23ന് വീണ്ടും വിമാനത്താവളത്തിലെത്തുകയായിരുന്നു. എന്നാൽ, മതിയായ യാത്രാരേഖകളില്ലാത്തതിനാൽ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞ് കോഴിക്കോട് വനിത സെല്ലിന് കൈമാറി. പൊലീസ് കസ്റ്റഡിയിൽ മാനസിക-ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സിച്ച ഡോക്ടറോടാണ് താൻ കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തെ തെരുവിൽനിന്ന് ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയത്. പിന്നാലെയായിരുന്നു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.