വളയം : അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ. ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. ചെക്യാട് സ്വദേശി ചേണികണ്ടിയിൽ നംഷിദ് (34) ആണ് നാദാപുരം ഡി.വൈ.എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 17.45 ഗ്രാം എം.ഡി.എം.എ. പോലീസ് കണ്ടെടുത്തു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. നാദാപുരം ഡിവൈ.എസ്.പി. ടി.പി. ജേക്കബിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാറക്കടവ് ഭാഗങ്ങളിൽ പരിശോധന നടത്തുന്നതിനിടെ പാറക്കടവ്-വളയം റോഡിൽ കാർ കൈകാണിച്ച് നിർത്തി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ. പിടികൂടിയത്.
ബെംഗളൂരുവിൽ ബിസിനസുകാരനായ നംഷീദ് ബെംഗളൂരുവിൽനിന്ന് എം.ഡി.എം.എ. വാങ്ങി പാറക്കടവ് നാദാപുരം ഭാഗങ്ങളിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. ഇയാളിൽനിന്ന് ലഹരിമരുന്നുവിൽപ്പന നടത്തിക്കിട്ടിയ 70,000 രൂപയും ഇടപാടുകാരുടെ വിവരങ്ങളും പോലീസ് കണ്ടെത്തി. ഗൂഗിൾ പേ വഴിയും പണം ഈടാക്കിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വളയം എസ്.ഐ. അനീഷ് വടക്കേടത്ത്, ഡിവൈ.എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ സീനിയർ പോലീസ് ഓഫീസർ കെ. ലതീഷ്, സി.പി.ഒ.മാരായ പി. സബീഷ്, കെ.പി. അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വളയം പോലീസ് ഇൻസ്പെക്ടർ എ. അജീഷിനാണ് അന്വേഷണച്ചുമതല.