തൃശൂർ> മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായ ആരോപണത്തിൽനിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും കുഴൽനാടൻ കള്ള സത്യവാങ്മൂലമാണ് തെരഞ്ഞെടുപ്പ് സമയത്ത് നൽകിയതെന്നും സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ. സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുള്ള 95 ലക്ഷം രൂപവരുമാനം 32 ഇരട്ടിയായാണ് വർധിച്ചിട്ടുള്ളത്. അതെങ്ങിനെ സാധിച്ചു. അതിനുള്ള വരുമാനം എവിടെ നിന്നാണ്. ചിന്നക്കനാലിൽ വാങ്ങിയ സ്വത്തിന്റെ മൂല്യം ഒരുകോടി 32 ലക്ഷത്തിൽനിന്ന് 7 കോടിയായി മാറിയതെങ്ങിനെയാണ്. ദുബായിയിൽ കരിയർ ഗെെഡൻസ് സ്ഥാപനത്തിൽ 9 കോടി മുടക്കിയെന്ന് പറയുന്നു. അതിനുള്ള വരുമാനം എവിടെനിന്നാണ് .വിലയേറിയ കാറുകളും കമേഴ്ഷ്യൽ സ്പേസും കുഴൽ നാടൻ സ്വന്തമാക്കിയിട്ടുണ്ട്. അവയ്ക്കുള്ള വരുമാന സ്രോതസ് എവിടെയാണ്. ഇതെല്ലാം ആണ് അറിയേണ്ടത്. എന്നാൽ അതിനൊന്നിനും കുഴൽനാടന് മറുപടിയില്ല.
കെഎംഎൻപി എന്ന സ്ഥാപനത്തിന്റെ റെപ്യുട്ടേഷൻ തകർക്കേണ്ട കാര്യം തനിക്കില്ല. വക്കീൽ സ്ഥാപനത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സ്വത്ത് സംബന്ധിച്ച് മാത്യുകുഴൽനാടനെതിരെ ആരോപിച്ചവക്കെല്ലാം തെളിവുണ്ട്. കുഴൽനാടൻ നൽകിയ സത്യവാങ്മൂലം നോക്കിയാൽ അതറിയാം. സി എൻ മോഹനൻ അനധികൃതമായ സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിക്കുന്ന കുഴൽനാടൻ അതിനുള്ള തെളിവും പുറത്തുവിടണം.
മാധ്യമങ്ങളുടെ ലെെംലെെറ്റിൽ നിൽക്കാൻ സംസ്ഥാനത്ത് എല്ലായിടത്തും ഓടിനടന്ന് പത്രസമ്മേളനം നടത്തുന്ന കുഴൽനാടന്റെ രാഷ്ട്രീയം അല്ല സി എൻ മോഹനൻ നടത്തുന്നത്. അതിന്റെ ആവശ്യവുമില്ല. കാണിച്ചിരിക്കുന്ന വരുമാനവും ആർജിച്ച സ്വത്തും തമ്മിൽ ബന്ധമില്ലാതെ വരുമ്പോൾ എത് സാധാരണക്കാരനും സംശയം തോന്നും. അതിന്റെ പേരിൽ വരുന്ന കേസിനെയൊന്നും ഭയമില്ല. കുഴൽനാടൻ എത്ര കേസ് നടത്തി ,സി എൻ മോഹനൻ എത്ര കേസ് നടത്തി എന്ന് അപ്പോൾ പറയാമെന്നും സി എൻ മോഹനൻ പറഞ്ഞു.