ബംഗളൂരു: വ്യക്തിപരമായ പ്രശ്നങ്ങൾ പരസ്യമാക്കുമെന്ന് ബ്ലാക് മെയ്‍ൽ ചെയ്ത് വനിത യാത്രക്കാരിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത 35കാരനായ കാബ് ഡ്രൈവർ അറസ്റ്റിൽ. കാബ് ഡ്രൈവർ കിരണിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാരിയുടെ 20 ലക്ഷം രൂപയും 60 ലക്ഷം രൂപയുടെ സ്വർണവുമാണ് ഡ്രൈവർ തട്ടിയെടുത്തത്.2022 നവംബറിലാണ് സംഭവം നടക്കുന്നത്. യാത്രക്കിടെ തന്‍റെ വ്യക്തിപരമായ പ്രശ്നങ്ങൾ യുവതി സുഹൃത്തിനോട് വിവരിക്കുന്നത് ഡ്രൈവറിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മൂന്ന് യാത്രകൾക്ക് കൂടി ഡ്രൈവറായിരുന്നു പ്രതിയായ കിരൺ. ഇതിനിടെ യുവതിയുടെ ഫോൺ നമ്പർ വാങ്ങി കിരൺ സൂക്ഷിച്ചു.ഇതിന് പിന്നാലെയാണ് പണം തട്ടാനുള്ള പദ്ധതി ഡ്രൈവർ ആസൂത്രണം ചെയ്തത്. ഡ്രൈവർ യുവതിയെ നിരന്തരം ഫോണിൽ ബന്ധപ്പെടാൻ തുടങ്ങി. സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച യുവതി തന്‍റെ വ്യക്തിപരമായ പ്രശ്നങ്ങൾ ഡ്രൈവറോട് വിവരിച്ചു.
ഈ വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറുമെന്ന് ഭീഷണിപ്പെടുത്തിയ ഡ്രൈവർ യുവതിയോട് പണം ആവശ്യപ്പെട്ടു. യുവതി പണവും സ്വർണവും നൽകിയെങ്കിലും പ്രതി ബ്ലാക് മെയിലിങ് അവസാനിപ്പിച്ചില്ല. സംശയം തോന്നിയ യുവതി ഫോൺ നമ്പർ പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്.ഇതേതുടർന്ന് യുവതി തട്ടിപ്പിനിരയായത് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 60 ലക്ഷം രൂപയും 960 ഗ്രാം സ്വർണവും വീണ്ടെടുക്കുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.