തിരുവനന്തപുരം> നിയമം ലംഘിച്ചുള്ള ലഹരി പരസ്യങ്ങൾക്കുള്ള പിഴ തുക 50000 രൂപയായി ഉയർത്തുന്നതിനുള്ള അബ്‌കാരി നിയമ ഭേദഗതി കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അബ്‌കാരി നിയമം 67 എ പ്രകാരം രാജിയാക്കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത 55 എച്ച്, 55 ഐ സെക്ഷനുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കാണ് പിഴ തുക ഉയർത്തുന്നത്.
സിനിമയില ലഹരി ഉപയോഗിക്കുന്ന ദൃശ്യം വരുമ്പോൾ നിയമ പ്രകാരമുള്ള മുന്നറിയിപ്പ് നൽകണമെന്ന വ്യവസ്ഥയിലാണ് ശിക്ഷ ഒഴിവാക്കി പിഴതുക വർധിപ്പിച്ചുള്ള ഭേദഗതി. നിയമം പാലിക്കാതെയുള്ള മദ്യകമ്പനികളുടെ പരസര്യത്തിന് ആറുമാസം തടവും 25000 രൂപ പിഴയും എന്നതാണ് പിഴ ഉയർത്തിയത്. പിഴ ഒടുക്കാൻ സന്നദ്ധമായില്ലെങ്കിൽ തടവ് ശിക്ഷയ്‌ക്കുള്ള കേസ് നിലനിൽക്കുകയും ചെയ്യും.
പലപ്പോഴും ഇത്തരം നിയമലംഘനം സാങ്കേതിക പിഴവുകൾകൊണ്ടോ കേരളത്തിലെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള അജ്‌ഞതമുലമോ സംഭവിക്കുന്നതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് തടവു ശിക്ഷ ഒഴിവാക്കാവുന്ന കുറ്റമായി പരിഗണിക്കുന്നത്. കേരളം കുടുതൽ വ്യവസായ സൗഹൃദമാക്കാനുള്ള നടപടികളുടെകൂടി ഭാഗമാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.