തിരുവനന്തപരം: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ ഒമ്പത് റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആർ.ആർ.ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‍റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ ഒമ്പത് തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി.
തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍, മാങ്കുളം ഡിവിഷനില്‍ കടലാര്‍, കോതമംഗലം ഡിവിഷനില്‍ കോതമംഗലം എന്നിവിടങ്ങളിലും ചാലക്കുടി ഡിവിഷനില്‍ പാലപ്പിള്ളി, നെന്മാറ ഡിവിഷനില്‍ കൊല്ലങ്കോട്, നിലമ്പൂര്‍ സൗത്ത് ഡിവിഷനില്‍ കരുവാരക്കുണ്ട്, നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാനന്തവാടി എന്നിവിടങ്ങളിലുമാണ് പുതുതായി രൂപീകരിക്കുന്ന ആർആർ.ടികള്‍.
റവന്യു വകുപ്പിന് കീഴില്‍ ലാന്‍ഡ് ബോര്‍ഡിന്‍റെ നിയന്ത്രണത്തില്‍ തുടര്‍ച്ചാനുമതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താല്‍ക്കാലിക തസ്തികകള്‍ക്ക് .2024 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബർ 31വരെ തുടര്‍ച്ചാനുമതി നൽകാനും തീരുമാനിച്ചു.
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലായ റ്റി.എ. ഷാജിയെ ഹൈകോടതിയില്‍ സ്റ്റേറ്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കും. 2024 ജൂൺ രണ്ട് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.