തിരുവനന്തപുരം : ദേശീയ തലത്തിൽ ജൂനിയർ വിഭാഗത്തിൽ അത് ലറ്റിക് കായിക ഇനത്തിൽ സ്വർണ മെഡൽ നേടിയി കായികതാരം സ്വാതി പ്രഭക്ക് കായിക യുവജനകാര്യ വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ക്ലറിക്കൽ തസ്തിക സൃഷ്ടിച്ച് നിയമനം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മത്സരത്തിൽ പങ്കെടുക്കുമ്പോൾ ട്രാക്കിൽ വെച്ച് നട്ടെല്ലിന് പരിക്ക് പറ്റി കായിക രംഗത്തു നിന്ന് പിൻമാറേണ്ടി വന്ന താരമാണ് സ്വാതിപ്രഭ.
റവന്യു വകുപ്പിന്റെയും ലാൻഡ് ബോർഡ് ഓഫീസിന്റെയും നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 688 താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി നൽകി.മാവേലിക്കര രാജാരവിവർമ്മ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് സ്ഥാപനത്തിന് കേരള സർവ്വകലാശാലയുടെ പേരിൽ 66 സെന്റ് ഭൂമി 15 വർഷത്തേക്ക് പാട്ടത്തിന് നൽകാനും തീരുമാനിച്ചു.
ജോൺ വി. സാമുവലിനെ ഭൂജലവകുപ്പ് ഡയറക്ടറായി ഒരു വർഷത്തേക്ക് കൂടി തുടരാൻ അനുമതി നൽകി. ഖാദി ബോർഡിൽ 11-ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയതിലെ അപാകത പരിഹരിക്കുവാൻ തീരുമാനിച്ചു. ആരോഗ്യവകുപ്പിൽ ഒമ്പത് പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതിയും നൽകി.