ചാലക്കുടി : നഗരത്തിൽ കണ്ട പുലിയെ പിടിക്കാനായി കണ്ണമ്പുഴ ക്ഷേത്ര പരിസരത്തു കൂട് സ്ഥാപിച്ചു. തെക്കേടത്തു മനയുടെ വളപ്പിലാണു കൂട് സ്ഥാപിച്ചത്. ഇരയായി ആടിനെ കെട്ടിയിട്ടുണ്ട്. കൊരട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നേരത്തെ സ്ഥാപിച്ചിരുന്ന കൂടാണ് ഇവിടേക്കു കൊണ്ടു വന്നത്. മംഗലശേരിയിൽ മറ്റൊരു കൂടുണ്ട്. 24നു പുലർച്ചെയാണു അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണ വീട്ടുമുറ്റത്തു കൂടി പുലി നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ കണ്ടത്. കൂടിനു സമീപത്തേക്ക് പോകുന്നതിനു വിലക്കുണ്ട്. ചാലക്കുടിയിൽ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ച ഭാഗംചാലക്കുടിയിൽ പുലി ഇറങ്ങിയതായി സ്ഥിരീകരിച്ച ഭാഗം24നു ശേഷം ആരെങ്കിലും പുലിയെ കാണുകയോ സിസിടിവി ക്യാമറകളിൽ പുലിയുടെ ദൃശ്യം പതിയുകയോ ചെയ്തിട്ടില്ലെങ്കിലും ജാഗ്രത നിർദേശം തുടരുകയാണ്. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം രാത്രിയിലും നിരീക്ഷണം തുടരുന്നുണ്ട്. പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകളും പിന്നീടു കണ്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏതെങ്കിലും സ്ഥലത്തു പുലിയുടെ സാന്നിധ്യം കണ്ടെത്തിയാൽ വനംവകുപ്പിനെ അറിയിക്കാനും നിർദേശിച്ചു. ഡിവിഷനൽ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ 9188407329 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.