കോഴിക്കോട് : കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെൻഷൻ . പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം കെ മൻസൂറിനെയാണ് സസ്പെന്‍റ് ചെയ്തത്. സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എംജി സർവ്വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് അറസ്റ്റിലായിരുന്നു. മാർക്ക് ലിസ്റ്റിന് വേണ്ടി വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എംജി സർവ്വകലാശാല അസിസ്റ്റന്റ് സി ജെ എൽസി നേരത്തെയും പണം വാങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തും. അതേസമയം എൽസിയുടെ നിയമനത്തിലും ക്രമക്കേട് നടന്നെന്നാണ് വിവരം.
2016ൽ അനധ്യാപക നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ട ശേഷം എംജി സർവകലാശാലയിൽ ചട്ടം ലംഘിച്ച് നടന്നത് 49 നിയമനങ്ങളാണ്. ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും സിൻഡിക്കേറ്റിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് കിട്ടി. കൈക്കൂലി വാങ്ങിയതിന് പിടിയിലായ എൽസിയുടെ നിയമനം ഉൾപ്പെടെ റദ്ദാക്കണമെന്നായിരുന്നു 2020ൽ നൽകിയ റിപ്പോർട്ട്.