ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ. കള്ളനെ കള്ളനെന്ന് വിളിക്കുന്നത് രാജ്യത്ത് കുറ്റകരമായി മാറിയിരിക്കുകയാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ജനാധിപത്യത്തിന്റെ കൊലപാതകമാണ് ഉണ്ടായിരിക്കുന്നത്. ഏകാധിപത്യത്തിന്റെ തകർച്ച തുടങ്ങിയെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം ഒടുവിൽ റദ്ദാക്കിയിരിക്കുകയാണ്. രാജ്യത്തെ കൊള്ളയടിക്കുന്നവർ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു. രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടുന്നു. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്.
എല്ലാ സർക്കാർ സംവിധാനങ്ങളും സമ്മർദത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി കൂട്ടിലടക്കപ്പെട്ട ജനാധിപത്യത്തിന്റെ കാലത്താണ് നാം ജീവിക്കുന്നതെന്ന് ഓർമിപ്പിക്കുന്നതെന്നാണെന്ന് ശിവസേന എം.പി പ്രിയങ്ക ചതുർവേദി പറഞ്ഞു.
സൂറത്ത് കോടതി തടവുശിക്ഷ വിധിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കി. ലോക്സഭ സെക്രട്ടേറിയറ്റ് ആണ് അംഗത്വം റദ്ദാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. കോടതി വിധി പുറപ്പെടുവിച്ച ഇന്നലെ (മാർച്ച് 23) മുതൽ രാഹുൽ അയോഗ്യനാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അംഗത്വം റദ്ദാക്കിയ സാഹചര്യത്തിൽ വയനാട് എം.പി എന്ന നിലയിൽ രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രവേശിക്കാനോ നടപടികളിൽ ഭാഗമാകാനോ പാടില്ലെന്ന് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്ൾ 102(1)(ഇ)ഉം ജനപ്രാതിനിധ്യ നിയമം സെക്ഷൻ എട്ട് പ്രകാരവുമാണ് നടപടി.
കോടതി ശിക്ഷ വിധിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധി ഇന്ന് ലോക്സഭയിൽ എത്തിയിരുന്നു. കൂടാതെ, കോൺഗ്രസ് എം.പിമാരുടെ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കി കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വർഷം തടവ് ശിക്ഷ ഇന്നലെ വിധിച്ചത്. ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. മേൽകോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.