ജക്കാർത്ത: അഗ്നിപർവതത്തിന് സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗർത്തത്തിൽ വീണ് യുവതിക്ക് ദാരുണാന്ത്യം. ‘ബ്ലൂ ഫയർ’ പ്രതിഭാസത്തിന് പേരുകേട്ട ഇന്തോനേഷ്യയിലെ ഇജെൻ അഗ്നിപർവ്വത ടൂറിസം പാർക്കിലാണ് സംഭവം. ഹുവാങ് ലിഹോങ് എന്ന 31കാരിയായ ചൈനീസ് യുവതിയാണ് മരിച്ചത്.
ഭർത്താവിനും ടൂർ ഗൈഡിനുമൊപ്പമാണ് ഹുവാങ് എത്തിയത്. 75 മീറ്റർ ഉയരത്തിൽ നിന്നാണ് യുവതി കാൽവഴുതി വീണത്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗർത്തത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ടൂർ ഗൈഡ് പറയുന്നു. തുടർന്ന് അവർ ഗർത്തത്തിനരികിൽ നിന്ന് മാറി നിന്നു. എന്നാൽ ഫോട്ടോ എടുക്കുന്നതിനിടെ പിന്നിലേക്ക് ഒരിഞ്ച് നീങ്ങിയപ്പോഴാണ് യുവതി അബദ്ധത്തിൽ വസ്ത്രത്തിൽ ചവിട്ടി കാലിടറി അഗ്നിപർവ്വതത്തിലേക്ക് പതിച്ചതെന്നും ഗൈഡ് പറഞ്ഞു. രണ്ട് മണിക്കൂറോളം സമയമെടുത്താണ് ഹുവാങിന്‍റെ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.
സൾഫ്യൂറിക് വാതകങ്ങളുടെ ജ്വലനത്തിലൂടെയുണ്ടാകുന്ന നീല നിറത്തിന് (ബ്ലൂ ഫയർ) പേരുകേട്ടതാണ് ഇജെൻ അഗ്നിപർവ്വതം. 2018ൽ അഗ്നിപർവ്വതത്തിൽ നിന്ന് വിഷവാതകങ്ങൾ പുറത്തുവരാൻ തുടങ്ങി. ഇതോടെ നിരവധി പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടിവന്നു. മുപ്പതോളം പേർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലായി. ഇടയ്ക്കിടെ നേരിയ തോതിലുള്ള വിഷവാതകം വമിക്കുന്നുണ്ടെങ്കിലും ഇജെനിൽ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
ഏകദേശം 130 സജീവ അഗ്നിപർവ്വതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്. ഏപ്രിൽ 16ന് റുവാങ് അഗ്നിപർവതത്തിൽ സ്ഫോടനമുണ്ടായി. പതിനൊന്നായിരം പേരെയാണ് അന്ന് ഒഴിപ്പിച്ചത്. റുവാങ് പർവതത്തിൽ നിന്ന് 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനാഡോ നഗരത്തിലെ സാം റതുലാംഗി വിമാനത്താവളം അടയ്ക്കുകയും ചെയ്തു.
മൂന്ന് ദിവസത്തിനിടെ അഞ്ച് തവണയാണ് അഗ്നിപർവ്വത സ്ഫോടനമുണ്ടായത്. ഏപ്രിൽ 16ന് രാത്രി 9.45ഓടെയാണ് ആദ്യ പൊട്ടിത്തെറിയുണ്ടായത്. ഇതോടെ പ്രദേശത്താകെ പുകയും ചാരവും വ്യാപിച്ചു. വിമാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ചാരം വ്യാപിച്ചതിനാലാണ് വിമാനത്താവളം അടച്ചിട്ടത്.