നിരവധി യുഎസ് സംസ്ഥാനങ്ങൾ ബാലവേല നിയമങ്ങളിൽ ഇളവ് വരുത്താനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇത് പ്രകാരം പാർട്ട് ടൈം ആയി ജോലി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ നേരം ജോലി ചെയ്യാൻ സാധിക്കും എന്നാണ് വിലയിരുത്തൽ. തൊഴിലാളി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്ക സംസ്ഥാനങ്ങളും ബാലവേല നിയമങ്ങളിൽ ഇളവ് വരുത്തുന്നത് എന്നാണ് പറയുന്നത്.
നേരത്തെ ബാറുകളിലും റെസ്റ്റോറന്റുകളിലും 16 വയസിന് മുകളിലുള്ളവർക്ക് മാത്രമാണ് മദ്യം വിളമ്പാൻ സാധിച്ചിരുന്നത് എങ്കിൽ ചില സംസ്ഥാനങ്ങൾ 14 വയസായവർക്ക് മുതൽ മദ്യം വിളമ്പാൻ സാധിക്കുന്ന തരത്തിൽ നിയമം പാസാക്കാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലുടനീളം റിപ്പബ്ലിക്കൻ നേതൃത്വത്തിൽ ബാലവേല നിയമങ്ങൾ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രകാരം 14, 15 വയസുള്ള കുട്ടികൾക്ക് വ്യാവസായികമായി പ്രവർത്തിക്കുന്ന അലക്കുശാലകൾ, മീറ്റ് ഫ്രീസർ ഇവിടങ്ങളിൽ എല്ലാം ജോലി ചെയ്യാം.
അടുത്തിടെ ഇത് വ്യക്തമാക്കുന്ന ഒരു ബിൽ അയോവ നിയമസഭ പാസാക്കിയിരുന്നു. കൂടാതെ, 16 -ഉം 17 -ഉം വയസ്സുള്ളവർക്ക് ഉടൻ തന്നെ റെസ്റ്റോറന്റുകളിലും ബാറുകളിലും മദ്യം വിളമ്പാൻ അനുമതി ലഭിക്കും എന്നാണ് കരുതുന്നത്. അതുപോലെ കുട്ടികൾക്ക് ജോലി ചെയ്യാൻ അനുവദനീയമായ സമയം നാല് മണിക്കൂർ എന്നതിൽ നിന്നും ആറ് മണിക്കൂർ എന്നതിലേക്ക് മാറ്റാനും പദ്ധതിയുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, ബിൽ നിയമമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ അയോവ ഗവർണർ കിം റെയ്‌നോൾഡ്‌സിന് ജൂൺ മൂന്നുവരെ സമയമുണ്ട്.
നേരത്തെ തന്നെ വിസ്കോൺസിനിലെ റിപ്പബ്ലിക്കൻമാർ സമാനമായ ഒരു നിർദ്ദേശം കൊണ്ടുവന്നിരുന്നു. ബാറുകളിൽ മദ്യം വിളമ്പാൻ 14 വയസ്സുള്ള കുട്ടികളെ അനുവദിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. അതുപോലെ തന്നെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ വൈകുന്നേരം ഏഴ് മണിക്ക് ശേഷം ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുന്ന നിലവിലെ നിയന്ത്രണം ഇല്ലാതാക്കാൻ ഓഹിയോയും സമാനമായ ഒരു നിർദ്ദേശം പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, അതേ സമയം തന്നെ കടുത്ത വിമർശനവും ഇത്തരം ഇളവുകളുമായി ബന്ധപ്പെട്ട് ഉയരുന്നുണ്ട്. ഇത് ഭാവിയിൽ കുട്ടികൾ ചൂഷണം ചെയ്യപ്പെടാൻ ഇടയാക്കും എന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്.