‘കാശിറക്കാതെ… കാശുണ്ടാക്കാം’… എന്ന വാഗ്ദാനത്തോടെ വ്യാപകമായി ഹാംസ്റ്റർ കോംബാറ്റ് ഗെയിമിനെ കുറിച്ചുള്ള റീലുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കേട്ടപ്പോൾ തന്നെ യൂട്യൂബ് ടൂട്ടോറിയലുകളുടേയും മറ്റും സഹായത്തോടെ ഹാംസ്റ്റർ കോയിൻ മൈനിങിന് ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ എണ്ണവും കുറവല്ല. അടുത്ത മാസത്തോടെ ഹാംസ്റ്റർ കോംബാറ്റ് ഓകമ്പനി ക്രിപ്‌റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ വൻതുക വരുമാനമായി നേടാമെന്നും വാഗ്ദാനത്തിൽ പറയുന്നുണ്ട്.
ഹാംസ്റ്ററിന് പിന്നിൽ പ്രവർത്തിക്കുന്നത് ടെലഗ്രാം മെസേജിങ് ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു പ്ലേ റ്റു ഏൺ മെസേജിങ് ബോട്ട് ആണ്. ഗെയിം കളിക്കുന്നതിനൊപ്പം ക്രിപ്‌റ്റോകറൻസി കൂടി പരിചയപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. ചുരുക്കി പറഞ്ഞാൽ ക്രിപ്റ്റോ മൈനിങ് ആണിവിടെ നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അജ്ഞാതരായ ഒരു സംഘമാണ് ഹാംസ്റ്റർ കോംബാറ്റ് ഗെയിം വികസിപ്പിച്ചിരിക്കുന്നത്. റഷ്യൻ സംരംഭകനായ എഡ്വേർഡ് ഗുറിനോവിച്ച് ആണ് ഇതിന് നേതൃത്വം നൽകുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളുമുണ്ട്.
ടെലഗ്രാമിൽ ലഭിക്കുന്ന ലിങ്ക് വഴിയാണ് ഹാംസ്റ്റർ ബോട്ട് തുറക്കേണ്ടത്. ഇതിന് ശേഷം ഒരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് തിരഞ്ഞെടുക്കാം. ഗെയിമിലൂടെ പരമാവധി ലാഭം എന്നതാണ് ഉദ്ദേശം. ഹാംസ്റ്റർ എന്ന ജീവിയുടെ ചിത്രം കാണുന്നയിടത്ത് സ്‌ക്രീനിൽ നിരന്തരം ടാപ്പ് ചെയ്യുന്നതിനനുസരിച്ച് കോയിനുകൾ അഥവാ ഹാംസ്റ്റർ ടോക്കണുകൾ ശേഖരിക്കാനാകും. ഗെയിമിന്റെ ലിങ്കുകൾ ഷെയർ ചെയ്താലും പ്രതിദിന ടാസ്‌കുകൾ പൂർത്തിയാക്കിയാലും കോയിനുകൾ ലഭിക്കും. ഈ കോയിനുകൾ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിൽ വിറ്റാൽ പണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതിനായി ലക്ഷക്കണക്കിന് കോയിനുകളാണ് യുവാക്കൾ ശേഖരിക്കുന്നത്.
ഇതൊരു തട്ടിപ്പാണെന്ന റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ക്രിപ്‌റ്റോ മൈനിങ് പ്രക്രിയകളിൽ ഒന്നുമാത്രമാണിതെന്നാണ് സൂചന. ഹാംസ്റ്റർ കോംബാറ്റിന്റെ റീൽസിൽ പറയുന്നത് പോലെ വൻ തോതിലുള്ള വരുമാനം ഹാംസ്റ്റർ കോയിൻ ക്രിപ്‌റ്റോ വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടാൽ ലഭിക്കില്ലെന്നാണ് വിദഗ്ദർ പറയുന്നത്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഇടപാടുകൾ എളുപ്പവുമല്ല. 40 രാജ്യങ്ങളിലായി 15 കോടിയാളുകൾ ഈ ഗെയിം കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.