ന്യൂഡൽഹി: ഹിന്ദുവായ ഋഷി സുനക് ബ്രിട്ടൻ പ്രധാനമന്ത്രിയായതിൽനിന്ന് ഇന്ത്യക്ക് പഠിക്കാൻ പാഠങ്ങളുണ്ടെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ഹിന്ദുവോ സിഖോ ബുദ്ധമത വിശ്വാസിയോ ജൈനനോ അല്ലാത്ത ഒരാൾക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമോ എന്ന ചോദ്യം തരൂർ മുന്നോട്ടുവെച്ചു. ന്യൂനപക്ഷ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള വാദം എൻ.ഡി.ടി.വിയിലെ അഭിമുഖത്തിലാണ് തരൂർ ഉന്നയിച്ചത്.
ഞാൻ ബ്രിട്ടീഷ് വംശീയതയുടെ വിമർശകനായിരുന്നു. അവർ നേതാവായി തെരഞ്ഞെടുത്തത് ഒരു ഹിന്ദുവിനെയാണെന്നത് ചെറിയ കാര്യമല്ല. പ്രത്യക്ഷമായ വംശീയതയുടെ ചരിത്രം പേറുന്നവർ അതിന്റെ ദോഷങ്ങളെ ഇതിലൂടെ മറികടന്നിരിക്കുന്നു. അത് അംഗീകരിച്ചേ മതിയാകൂ. പണ്ട് ബ്രിട്ടീഷുകാർ താഴ്ന്നവരായി കണക്കാക്കിയിരുന്ന ഒരു വംശക്കാരനാണ് ഇന്നവരുടെ പ്രധാനമന്ത്രി -തരൂർ പറഞ്ഞു.
10 വർഷം പ്രധാനമന്ത്രിയായ മൻമോഹൻ സിങ് സിഖുകാരനാണെന്നു ചൂണ്ടിക്കാട്ടി തരൂരിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. സിഖുകാർ ഇതര മതസ്ഥരാണെന്ന് ഭൂരിഭാഗം ഹിന്ദുക്കളും കരുതുന്നില്ലെന്നാണ് തരൂർ പ്രതികരിച്ചത്. ഭരണഘടന പദവിയാണെങ്കിലും രാഷ്ട്രപതി സ്ഥാനത്ത് മുസ്‌ലിംകളും സിഖുകാരും വന്നിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജനിച്ച എല്ലാ മതങ്ങളെയും ഇൻഡിക് മതങ്ങളായാണ് കാണുന്നത്. എന്നാൽ, ഹിന്ദുത്വ അനുയായികൾ മറ്റുള്ളവരെ അതേ വിധം കാണുന്നില്ല. ഹിന്ദുത്വ അല്ലെങ്കിൽ ‘ഹിന്ദു ദേശീയത’ പ്രത്യയശാസ്ത്രമായി ഉയർത്തിപ്പിടിക്കുന്ന ബി.ജെ.പിക്ക് ഒരു മുസ്‍ലിം എം.പി ഇല്ലെന്ന കാര്യം അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് സഖ്യത്തെ വിജയത്തിലേക്ക് നയിച്ചശേഷം സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ, ക്രിസ്ത്യൻ ബന്ധമാരോപിച്ചുള്ള പ്രചാരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. മൻമോഹൻ സിങ്ങിനുവേണ്ടി അവർ മാറിനിന്നു. ”സോണിയ പ്രധാനമന്ത്രിയായാൽ തല മൊട്ടയടിക്കുമെന്ന് ചിലർ ഭീഷണിപ്പെടുത്തി”-പിന്നീട് വിദേശകാര്യ മന്ത്രിയായ ബി.ജെ.പിയുടെ സുഷമ സ്വരാജിന്റെ പേര് പരാമർശിക്കാതെ തരൂർ പറഞ്ഞു.