ന്യൂഡൽഹി : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേഡിയൻ പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശം നൽകി കാനഡ. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽ നിന്നു പിൻവലിച്ചതിന് പിന്നാലെയാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിലുടനീളം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്നുമാണ് നിർദ്ദേശം. കാനഡയും ഇന്ത്യയും തമ്മിൽ അടുത്തിടെയുണ്ടായ സംഭവ വികസങ്ങളെത്തുടർന്ന് കാനഡയ്ക്കെതിരെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുവെന്ന് നിർദ്ദേശത്തിൽ പറയുന്നു.
കാനഡക്കെതിരെ പ്രതിഷേധത്തിനും ആഹ്വാനം നടക്കുന്നുണ്ട്. കാനഡക്കെതിരെ പ്രകടനങ്ങൾ നടക്കാനും കാനഡക്കാർക്കെതിരെ അതിക്രമത്തിനും സാധ്യതയുണ്ട്. ഡൽഹിയിലും മറ്റും താമസിക്കുന്നവർ അപരിചിതരുമായി യാതൊരു വിവരവും പങ്കുവയ്ക്കരുത്. മുംബൈ, ചണ്ഡിഗഡ്, ബെംഗളൂരു എന്നീ നഗരങ്ങളിലെ കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. ഈ നഗരങ്ങളിൽ താമസിക്കുന്ന കാനഡക്കാർ ആവശ്യമെങ്കിൽ ഡൽഹിയിലെ ഹൈ കമ്മീഷൻ ഓഫീസുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.