പനാജി: കോവിഡിന് ശേഷം ഇന്ത്യയിൽ അർബുദ രോഗികളുടെ എണ്ണം ഉയർന്നെന്ന് യോഗ ഗുരു ബാബ രാംദേവ്. ശനിയാഴ്ച ഗോവയിലെ മിറാമിർ ബീച്ചിൽ നടന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പരിപാടിക്കെത്തിയിരുന്നു. ആളുകൾക്ക് കാഴ്ചയും കേൾവി ശക്തിയും നഷ്ടപ്പെടുന്ന പ്രശ്നങ്ങളും കോവിഡിന് ശേഷം കണ്ടു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ആരോഗ്യ രംഗത്തെ പ്രധാന കേന്ദ്രമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്നും ബാബ രാംദേവ് പറഞ്ഞു. ഗോവ ഈ രീതിയിലാണ് മുന്നേറുന്നത്. വിനോദസഞ്ചാരികൾ കേവലം വിനോദസഞ്ചാരത്തിനായി മാത്രം ഗോവ സന്ദർശിച്ചാൽ പോര. രക്തസമ്മർദം, പ്രമേഹം, തൈറോയിഡ്, അർബുദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സക്കായും ഗോവയിലെത്താം. ഗോവയിലെ റിസോർട്ടുകളും ഹോട്ടലുകളും പഞ്ചകർമ്മ തെറാപ്പി അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗോവ കുടിക്കാനും ഭക്ഷണം കഴിക്കാനും മാത്രമുള്ള സ്ഥലമല്ല. ജീവിതമെന്നത് കുടിക്കാനും ഭക്ഷണം കഴിക്കാനും വേണ്ടി മാത്രമുള്ളതല്ലതെന്നും അദ്ദേഹം പറഞ്ഞു.