ന്യൂജേഴ്‌സി : ന്യൂജേഴ്‌സിയിൽ വിനോദാവശ്യങ്ങൾക്കായി കഞ്ചാവ് ലഭ്യമാകുന്ന കടകൾ വരുന്നു. ഏഴ് മെഡിക്കൽ കഞ്ചാവ് കമ്പനികൾക്കാണ് നിലവിൽ കഞ്ചാവ് വിൽക്കുന്നതിനുള്ള ലൈസൻസ് ലഭിച്ചിരിക്കുന്നത്. ഏപ്രിൽ 21 മുതൽ ഈ കമ്പനികളുടെ വിതരണ ശൃംഖകളിൽ നിന്ന് വിനോദാവശ്യങ്ങൾക്കായി ആളുകൾക്ക് കഞ്ചാവ് വാങ്ങാം. 21 വയസും, അതിൽ കൂടുതലുമുള്ളവർക്കും മാത്രമേ കഞ്ചാവ് കൈവശം വയ്ക്കുന്നതിനും, ഉപയോഗിക്കാനും നിയമപരമായി അവകാശമുള്ളൂ. “ഒരു പുതിയ കഞ്ചാവ് വ്യവസായം സൃഷ്ടിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പ്പാണിതെന്ന് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയ ഡെമോക്രാറ്റിക് ഗവർണർ ഫിൽ മർഫി പറഞ്ഞു.
മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് വിൽക്കുന്ന നിരവധി ഡിസ്പെൻസറികൾ സംസ്ഥാനത്ത് കാലങ്ങളായി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അവിടെല്ലാം ഇന്നലെ വരെ ഒരു ഡോക്ടറുടെ അനുമതിയോടെ വരുന്നവർക്ക് മാത്രമേ കഞ്ചാവ് വിൽക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ ഇനി മുതൽ പ്രായപൂർത്തിയായ ആർക്കും അനുവദിക്കപ്പെട്ട ഡിസ്പെൻസറികളിൽ നിന്ന് കഞ്ചാവ് വാങ്ങി, ഉപയോഗിക്കാം. ലൈസൻസ് ലഭിക്കാൻ ഓരോ കമ്പനികളും ഒരു മില്യൺ ഡോളറിലധികം ഫീസായി അടക്കണം. വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് വാങ്ങാൻ എത്തുന്ന ആളുകൾക്കൊപ്പം തന്നെ, രോഗികൾക്കും കഞ്ചാവിന്റെ ലഭ്യത കേന്ദ്രങ്ങൾ ഉറപ്പാക്കിയാൽ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ. കൂടാതെ, രോഗികൾക്കായി പാർക്കിംഗ് സ്ഥലങ്ങൾ റിസർവ് ചെയ്യുകയും, രോഗികൾക്ക് മാത്രമായി പ്രത്യേകം സമയം അനുവദിക്കുകയും വേണം.
സംസ്ഥാനത്ത് മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്ന ഏകദേശം 130,000 രോഗികളുണ്ട്. വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്ന ഏകദേശം 800,000 ഓളം ആളുകളും, അത്ര തന്നെ വിനോദ സഞ്ചാരികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദത്തിനായി കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് ഒരു ഔൺസ് വരെ കഞ്ചാവ് കടകളിൽ നിന്ന് ലഭ്യമാകും. എന്നാൽ, ഡിസ്പെൻസറികൾക്ക് പ്രാരംഭ സപ്ലൈകളെ അടിസ്ഥാനമാക്കി വിൽപ്പന പരിമിതപ്പെടുത്താം.
ന്യൂജേഴ്‌സിയിൽ വിനോദത്തിനായുള്ള കഞ്ചാവ് കടകൾ തുറക്കാൻ ആഗ്രഹിച്ച് നിരവധി ചെറുകിട സംരംഭകരും രംഗത്ത് വന്നിട്ടുണ്ട്. റീട്ടെയിൽ ലൈസൻസുകൾക്കായി മാർച്ച് 15 മുതൽ 327 അപേക്ഷകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഈ നീക്കം കൂടുതൽ വിനോദസഞ്ചാരികളെ പ്രദേശത്തേക്ക് ആകർഷിക്കുമെന്ന് കരുതുന്നു. ന്യൂയോർക്കിലും കണക്റ്റിക്കട്ടിലും ഇങ്ങനെ കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളിലെയും വിൽപ്പന ഈ വർഷം അവസാനമോ അതിനുശേഷമോ ആരംഭിക്കും. 2020 നവംബറിലാണ് ന്യൂജേഴ്‌സിയിലെ വോട്ടർമാർ കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. കുറച്ച് മാസങ്ങൾക്ക് ശേഷം നിയമനിർമ്മാതാക്കൾ ഈ ബില്ല് അംഗീകരിച്ചു. ഇതോടെ നിശ്ചിത അളവിലുള്ള മയക്കുമരുന്ന് നിയമവിധേയമാക്കുകയും, പുതിയ വ്യവസായത്തിന് വളരാൻ ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അതേസമയം, ന്യൂജേഴ്‌സിയുടെ പടിഞ്ഞാറും തെക്കും അതിർത്തിയായ പെൻസിൽവാനിയയും ഡെലവെയറും ഇതുവരെ വിനോദാവശ്യങ്ങൾക്കായുള്ള കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിയിട്ടില്ല.