കല്‍പ്പെറ്റ: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വന്‍ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവുമായെത്തിയ കോഴിക്കോട് മാവൂർ പടാരുകുളങ്ങര സ്വദേശി രാജീവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കോഴിക്കോട് മാവൂർ സ്വദേശി രാജീവ് 30 കിലോ കഞ്ചാവ് 15 പാക്കറ്റുകളിലാക്കി ബാഗിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ആന്ധ്രയിൽ നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കേരളത്തിന്‍റെ വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ച മയക്കുമരുന്നാണിതെന്നാണ് വിവരം. പ്രതി രാജീവിനെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.
കഞ്ചാവുമായി പിടിയിലായ രാജീവന് വൻ ലഹരിമാഫിയ സംഘത്തിന്‍റെ പിന്തുണയുണ്ടെന്നാണ് സൂചന. മുൻപും ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് രാജീവന്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേറ്റ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ടി. അനികുമാറിന്‍റെ നേതൃത്വത്തിലാണ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമീപകാലത്തെ വയനാട്ടിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.