ന്യൂഡൽഹി: അഴിമതിക്കേസിൽ സിബിഐ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാണ് സിസോദിയയുടെ ട്വീറ്റ്. ‘‘നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു, ഒന്നും കിട്ടിയില്ല. ഇപ്പോൾ നിങ്ങൾ മനീഷ് സിസോദിയയെ കാണാനില്ലെന്നും പറഞ്ഞ് ലുക്കൗട്ട് സർക്കുലർ ഇറക്കുന്നു. ഇതെന്തൊരു ഗിമ്മിക്കാണ് മോഡിജി? ഞാൻ ഡൽഹിയില്‍ സ്വതന്ത്രനായി സഞ്ചരിക്കുന്നുണ്ട്. നിങ്ങൾക്കെന്നെ കണ്ടെത്താനായില്ലേ?’’– മനീഷ് സിസോദിയ ട്വീറ്റിൽ ചോദിച്ചു.
സിസോദിയയുടെ വീട്ടിൽ 14 മണിക്കൂർ നീണ്ട പരിശോധനകൾക്കു ശേഷമാണ് സിബിഐ എഫ്ഐആറിട്ടത്. സിബിഐ പരിശോധനയെച്ചൊല്ലി ആം ആദ്മി പാർട്ടി– ബിജെപി വാക്പോരും രൂക്ഷമായി തുടരുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഉന്നമിട്ടാണ് കേന്ദ്രനീക്കമെന്ന് എഎപി ആരോപിച്ചു. വരും ദിവസങ്ങളിൽ താൻ അറസ്റ്റിലായേക്കാമെന്നു മനീഷ് സിസോദിയ പ്രതികരിച്ചിരുന്നു.