നാടിന്റെ പല ഭാഗത്ത് നിന്നും പെണ്ണ് കിട്ടാനില്ല എന്ന യുവാക്കളുടെ പരിഭവം കേൾക്കാറുണ്ട് അല്ലേ? എന്നാൽ, ഇതിന് വേണ്ടി ആരെങ്കിലും പദയാത്ര നടത്തുമോ? അങ്ങനെ നടത്തുന്ന യുവാക്കളും ഉണ്ട്. ഒന്നും രണ്ടുമല്ല വിവാഹം കഴിക്കാൻ പെണ്ണിനെ കിട്ടാത്തതിന്റെ പേരിൽ ഇരുന്നൂറ്റിയമ്പതോളം യുവാക്കളാണ് പദയാത്ര നടത്താൻ ഒരുങ്ങുന്നത്. അതും നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ.
കർണാടകയിലെ മാണ്ഡ്യയിൽ നിന്നുമാണ് വാർത്ത പുറത്ത് വരുന്നത്. ഫെബ്രുവരി 23 -ന് മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി മുതൽ കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ മലേ മഹാദേശ്വര ഹിൽസ് വരെയാണത്രെ പദയാത്ര. സാധാരണയായി ഇവിടെ നിന്നും ക്ഷേത്രങ്ങളിലേക്ക് പദയാത്രകൾ ഉണ്ടാവാറുണ്ട്. എന്നാൽ, ഇതിൽ അവിവാഹിതരായ യുവാക്കൾ മാത്രമായി ഒരു പദയാത്ര നടത്താൻ തരുമാനിക്കുകയായിരുന്നു. അതിലെ ഒരേയൊരു പ്രാർത്ഥന നല്ലൊരു വധുവിനെ കിട്ടണേ എന്ന് മാത്രമാണത്രെ.
പദയാത്ര തീരുമാനിച്ചപ്പോൾ മാണ്ഡ്യ, രാമനഗർ, മൈസൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി നിരവധി യുവാക്കൾ രജിസ്റ്റർ ചെയ്തു. അതിൽ സമൂഹത്തിലെ എല്ലാ തുറയിൽ പെടുന്നവരുടെയും കുടുംബങ്ങളിൽ നിന്നുമുള്ള യുവാക്കളും ഉണ്ട്.
സ്ത്രീ- പുരുഷാനുപാതത്തിലെ വ്യത്യാസവും വിവിധ സാമൂഹിക സാമ്പത്തിക കാര്യങ്ങളും എല്ലാം കാരണം നാട്ടിൽ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെണ്ണ് കിട്ടാതെ അവർ അവിവാഹിതരായി തുടരേണ്ടി വരുന്നു എന്നാണ് പറയുന്നത്. 30 വയസിന് മുകളിലുള്ള അവിവാഹിതരായ യുവാക്കളാണ് ഈ പദയാത്രയിൽ പങ്കെടുക്കുന്നത്. ഈ പദയാത്ര കഴിയുന്നതോടെ നാട്ടുകാരും ദൈവവും തങ്ങളുടെ വേവലാതി മനസിലാക്കുമെന്നും വിവാഹം കഴിക്കാനായി പെണ്ണിനെ കണ്ടെത്താൻ കഴിയുമെന്നുമാണ് യുവാക്കളുടെ പ്രതീക്ഷ.