ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് വീണ്ടും ഇലോൺ മസ്ക്. നേരത്തെ ഏറ്റെടുക്കൽ കരാറിൽ നിന്ന് ഇലോൺ മസ്ക് പിന്മാറിയതിനെ തുടർന്ന് ട്വിറ്റർ ഇലോണ്‍ മസ്കിനെതിരെ നിയമനടപടികൾ ആരംഭിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മധ്യസ്ഥ നടപടികൾ തുടങ്ങാനിരിക്കെയാണ് ഇലോൺ മസ്കിന്റെ മനം മാറ്റം. 44 ബില്യണ്‍ ഡോളറിന് ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇലോൺ മസ്ക് ട്വിറ്റർ ബോർഡിനെ അറിയിച്ചിട്ടുണ്ട്. കോടതി വ്യവഹാരം ഒഴിവാക്കാനായുള്ള സമവായ നീക്കമായാണ് മസ്കിന്‍റെ മനംമാറ്റത്തെ വിലയിരുത്തുന്നത്. ഒരു ഷെയറിന് 54.20 ഡോളര്‍ എന്ന വിലയ്ക്ക് ഏറ്റെടുക്കാമെന്നാണ് മസ്ക് അറിയിച്ചിട്ടുള്ളത്. നേരത്തെ കരാറില്‍ നിന്ന് പിന്മാറും മുന്‍പ് ധാരണയായ അതേവിലയാണ് ഇത്.
വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ സംബന്ധിച്ച തര്‍ക്കത്തിന്‍റെ പേരിലായിരുന്നു ഇലോൺ മസ്ക് നേരത്തെ ട്വിറ്റര്‍ വാങ്ങാനുള്ള കരാറില്‍ നിന്ന് പിന്നോട്ട് പോയത് . കഴിഞ്ഞ ഏപ്രിലിൽ ആണ് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഇലോണ്‍ മാസ്ക് പ്രഖ്യാപിച്ചത്. തര്‍ക്കത്തിന് പിന്നാലെ ജൂലൈ 8നായിരുന്നു ഇലോണ്‍ മസ്ക് കരാറില്‍ നിന്ന് പിന്മാറിയത്. ട്വിറ്റർ കാണിച്ച കണക്കുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടെന്നായിരുന്നു ഇലോൺ മസ്കിന്റെ ആരോപണം. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് ഇലോൺ മസ്‌ക് ചൂണ്ടിക്കാണിച്ചത്. കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു ഇലോൺ മസ്കിന്റെ അഭിഭാഷകന്റെ വാദം.
ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അൽഗൊരിതം മാറ്റുക, കൂടുതൽ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നൽകുക എന്നിവയെല്ലാം ട്വിറ്ററിൽ താൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങളായി കരാറില്‍ നിന്ന് പിന്മാറും മുമ്പ് ഇലോൺ മസ്ക് പ്രതികരിച്ചിരുന്നു. ട്വിറ്ററിൽ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. 2009 മുതൽ ട്വിറ്ററിൽ സ്ഥിര സാന്നിധ്യമായ ഇലോൺ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങൾക്ക് ട്വിറ്റർ ഹാന്‍റില്‍ ഉപയോഗിച്ചിരുന്നു.