ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷനുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ ഒരു പണ്ഡിറ്റല്ല, അതുകൊണ്ട് എനിക്ക് ഫലങ്ങൾ പ്രവചിക്കാൻ കഴിയില്ല. പക്ഷേ തെരഞ്ഞെടുപ്പിൽ എന്റെ പാർട്ടിയും ബി.ജെ.പിയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഇനിയെന്താകുമെന്ന് നേരിൽ കാണാം’ -അമരീന്ദർ സിങ് പറഞ്ഞു. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിൽ പഞ്ചാബിനെ കുറിച്ച് പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്തതായും തെരഞ്ഞെടുപ്പിന് ശേഷം വിശദ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ വിജയസാധ്യതകൾ വിലയിരുത്താൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ദേശീയ ജനറൽ സെക്രട്ടറിമാരുമായി യോഗം ചേർന്നു. പഞ്ചാബ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.