ആലപ്പുഴ: പുറക്കാട് പുന്തലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി ഏഴു വയസ്സുകാരിയടക്കം രണ്ടു പേർ മരിച്ചു. നൂറനാട് മാമൂട് ജലീലിന്റെ മകൾ നസ്രിയ, നസ്രിയയുടെ മാതൃസഹോദരി മിനി എന്നിവരാണ് മരിച്ചത്. ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർക്ക് പരുക്കേറ്റു.
തൊട്ടടുത്ത് കടൽ കണ്ടശേഷം റോഡ് മുറിച്ചു കടക്കുന്നതിനായി റോഡരികിൽ നിൽക്കുമ്പോഴാണ് കാർ ഇടിച്ചു കയറിയത്. പരുക്കേറ്റവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് സംശയിക്കുന്നു. കാർ ഡ്രൈവറെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.