ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ 9 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിർ ദിശയിൽ വന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അനന്തപൂർ-ബെല്ലാരി ഹൈവേയിൽ വിടപനക്കൽ ബ്ലോക്കിലെ കടലാപ്പള്ളി ഗ്രാമത്തിലാണ് സംഭവം. ബെല്ലാരിയിൽ സംസ്ഥാന ഭാരതീയ ജനതാ പാർട്ടി നിർവാഹക സമിതി അംഗം കോര വെങ്കിട്ടപ്പയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം അനന്തപൂരിലേക്ക് മടങ്ങുകയായിരുന്നു ഇവർ. അമിത വേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറ് പൂർണമായി തകർന്നതിനാൽ മൃതദേഹം പുറത്തെടുക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായിയും പോലീസ് അറിയിച്ചു.
നിംബഗല്ലു ഗ്രാമത്തിൽ നിന്നുള്ള വെങ്കിടപ്പയാണ് അപകടത്തിൽ ആദ്യം മരിച്ചത്. ബാക്കിയുള്ള എട്ടുപേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞതായി ഉറവകൊണ്ട പോലീസ് പറഞ്ഞു. അശോക്, രാധമ്മ, സരസ്വതി, ശിവമ്മ, സുഭദ്രാമ്മ, സ്വാതി, ജാഹ്നവി എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. ഒരു കുട്ടിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരിച്ചവരുടെ കൃത്യമായ പ്രായവും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഉറവകൊണ്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.