സുല്‍ത്താന്‍ബത്തേരി: കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം. മൈസൂര്‍ -ഗുണ്ടല്‍പേട്ട് ദേശീയപാതയില്‍ ഗുണ്ടല്‍പേട്ട് പച്ചക്കറി മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. പുല്‍പ്പള്ളി കുറിച്ചിപറ്റ ചരുവിള പുത്തന്‍വീട്ടില്‍ സുന്ദരേശന്‍ (58) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ അമ്മിണി (54), സഹോദരന്‍ സുനീഷ്, സുന്ദരേശന്റെ മൂത്ത മകന്‍ സുബിന്റെ മകള്‍ ഗായത്രി (ആറ്)എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ ഗുണ്ടല്‍പേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. സുന്ദരേശനും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്നെത്തിയ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ബാംഗ്ലൂരിലുള്ള മകന്‍ സുബിന്റെ വീട്ടില്‍ പോയി മടങ്ങിവരവയാണ് അപകടം ഉണ്ടായത് രാവിലെ പത്ത് മണിക്കാണ് ഇവര്‍ ബാംഗ്ലൂരില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് പുറപ്പെട്ടത്. സുന്ദരേശന്റെ അനുജന്‍ സുനീഷ് ആയിരുന്നു വാഹനമോടിച്ചിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയിലായിപോയ കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വലിച്ചു മാറ്റിയതിനുശേഷമാണ് മരണപ്പെട്ട സുന്ദരേശനെ പുറത്തെടുത്തത്. സുന്ദരേശന്റെ സമീപവാസിയും കോണ്‍ഗ്രസ് നേതാവുമായ വി.എം. പൗലോസ് സംഭവസ്ഥലത്തിന് സമീപം ഉണ്ടായിരുന്നതിനാല്‍ അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ പോലീസിന് കൈമാറാനായി. പരിക്കേറ്റവരെ വയനാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു വരികയാണ് ബന്ധുക്കള്‍. സുബിന്‍, അഖില്‍ എന്നിവര്‍ മക്കളാണ്. മരുമകള്‍ കാവ്യ.