ദില്ലി : ഒറ്റയ്ക്ക് കാറില്‍ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമായും വേണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡെല്‍ഹി ഹൈക്കോടതി. കാറിലിരിക്കുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി ഒരാള്‍ അമ്മയ്‌ക്കൊപ്പം ചായ കുടിക്കവേ മാസ്‌ക് വെയ്ക്കാത്തതിന്റെ പേരില്‍ പിഴ അടപ്പിച്ച സംഭവം ഡല്‍ഹി സര്‍ക്കാരിനെ പ്രതിനിധീകരിച്ചുള്ള കൗണ്‍സില്‍ സൂചിപ്പിച്ചപ്പോഴായിരുന്നു കോടതി സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത്തരം അശാസ്ത്രീയ നിയമങ്ങള്‍ എന്തുകൊണ്ടാണ് ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നതെന്നും സ്വന്തം ഉടമസ്ഥതയിലുള്ള കാറിലിരിക്കുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണമെന്ന വാദം അസംബന്ധമാണെന്നും ജസ്റ്റിസ് ജസ്മീത് സിംഗും ജസ്റ്റിസ് വിപിന്‍ സങ്കിയും ഉള്‍പ്പെടുന്ന ബെഞ്ച് വ്യക്തമാക്കി.
എന്നാല്‍ ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് 2021ല്‍ പുറപ്പെടുവിച്ച ഉത്തരവ് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്ര ഓര്‍മ്മിപ്പിച്ചു. സ്വന്തം കാറില്‍ തനിച്ച് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഒടുക്കാനുള്ള ഡല്‍ഹി ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച 2021 ഏപ്രില്‍ 7ലെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവാണ് സീനിയര്‍ അഭിഭാഷകന്‍ മെഹ്ര സൂചിപ്പിച്ചത്. ഒറ്റയ്ക്ക് സ്വകാര്യ വാഹനത്തില്‍ യാത്ര ചെയ്യവേ മാസ്‌ക് വെയ്ക്കാത്തതിന് പിഴ ചുമത്തിയതിനെ ചോദ്യം ചെയ്ത അഭിഭാഷകരുടെ നാല് ഹര്‍ജികള്‍ തള്ളിക്കൊണ്ടുള്ള 2021ലെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് മെഹ്ര പരാമര്‍ശിച്ചത്.
2021ന് സിങ്കിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത് കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ വാഹനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ പോലും മാസ്‌ക് കൃത്യമായി ധരിക്കുന്നത് നിര്‍ബന്ധമാണെന്നും വൈറസ് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള സംരക്ഷണ കവചമാണ് മാസ്‌ക് എന്നുമാണ്. എന്നാല്‍ അന്ന് ഹര്‍ജി വന്നത് ഡല്‍ഹി സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ ഉത്തരവിനെതിരെയാണെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഏത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണെങ്കിലും ആവശ്യമില്ലാത്തതാണെങ്കില്‍ പുനപരിശേധിക്കണമെന്ന് മെഹ്ര മറുപടിയായി പറഞ്ഞു. ഉത്തരവ് അനാവശ്യമാണെന്ന് തോന്നിയാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് തന്നെ കഴിയുമല്ലോ എന്നാണ് കോടതി തിരിച്ച് ചോദിച്ചത്.