ഏറ്റവും കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എങ്ങനെയാണ് ഉയർന്ന സ്ഥാനത്ത് നിൽക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പലതവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തെ റോഡുകളിൽ മികച്ച അടിസ്ഥാന സൗകര്യങ്ങളുടേയും സുരക്ഷിത വാഹനങ്ങളുടേയും ആവശ്യകതയും അദ്ദേഹം ആവർത്തിച്ച് ഉയർത്തിക്കാട്ടുന്നു. അതിനാൽ, യാത്രാ വാഹനങ്ങളിൽ എയർബാഗുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും മന്ത്രി അടുത്തിടെ ആവർത്തിച്ചു.
ഒരു മോഡലിന്റെ ഏല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കുന്നത് എങ്ങനെയെന്ന് ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസ്തുത വാഹനം മാസ്-മാർക്കറ്റ് വിഭാഗത്തിലാണോ അതോ പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി സെഗ്മെന്റുകളിലാണോ എന്നത് പരിഗണിക്കാതെ തന്നെ ആയിരിക്കും ഇത്. നിർഭാഗ്യകരമായ ഒരു അപകട സംഭവം ഉണ്ടായാൽ കഴിയുന്നത്ര ജീവൻ രക്ഷിക്കുകയാണ് ഉദ്ദേശ്യമെന്ന് ഈ ആഴ്ച ആദ്യം ലോക്സഭയിലും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
“പിന് സീറ്റിലെ യാത്രക്കാർക്കും എയർബാഗുകൾ സ്ഥാപിക്കാൻ ഞങ്ങളുടെ വകുപ്പ് ശ്രമിക്കുന്നു..അതുവഴി അവരുടെ ജീവൻ രക്ഷിക്കാനാകും..” അദ്ദേഹം പാര്‍ലെമന്റിനെ അറിയിച്ചതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. “ഇന്ത്യയിൽ ശരാശരി അഞ്ച് ലക്ഷം റോഡപകടങ്ങൾ നടക്കുന്നു, 1.5 ലക്ഷം മരണങ്ങൾ ഇത് മൂലം സംഭവിക്കുന്നു. ഇപ്പോൾ, കാറുകളിൽ രണ്ട് എയർബാഗുകൾ നിർബന്ധമാണ്. എന്നാല്‍ പിന്നിൽ ഇരിക്കുന്നവർക്ക് എയർബാഗുകൾ ഇല്ല. ഒരു എയർബാഗിന് 800 രൂപയോളം വിലയുണ്ട്.. പരമാവധി സുരക്ഷ ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം..” അദ്ദേഹം പറയുന്നു.
ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത് എങ്ങനെയാണന്ന് വേൾഡ് റോഡ് സ്റ്റാറ്റിസ്റ്റിക്സ് (ഡബ്ല്യുആർഎസ്) 2018-ൽ നിന്നുള്ള ഡാറ്റ ഉദ്ധരിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു. കർശനമായ നിയമങ്ങള്‍ മൂലം അശ്രദ്ധമായി വാഹനം ഓടിക്കുന്നത് തടയാൻ കഴിയുമെങ്കിലും, ഡ്രൈവർക്കും കാൽനടയാത്രക്കാർക്കും വലിയ അവബോധം ആവശ്യമാണ്. എന്നാൽ രാജ്യത്ത് നിർമിക്കുന്ന വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഇവയും കൂടുതൽ സുരക്ഷിതമാക്കണമെന്ന കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ട്. അടുത്ത വർഷത്തോടെ വാഹനങ്ങൾക്ക് സ്വന്തം സുരക്ഷാ റേറ്റിംഗ് ടെസ്റ്റുകൾ അഥവാ ഭാരത് എൻസിഎപി നടത്താൻ ഇന്ത്യ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം സ്റ്റാൻഡേർഡായി കൂടുതൽ എയർബാഗുകളുള്ള സുരക്ഷിത കാറുകൾ നിർമ്മിക്കുന്നത് വിലയിൽ കൂടുതൽ വർദ്ധനവിന് കാരണമായേക്കാം.
മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ചുള്ള വാഹനങ്ങളുടെ അതേ മോഡലിൽ നൽകിയിരിക്കുന്നത് പോലെ ഇന്ത്യയിലെ കാറുകളിൽ സുരക്ഷാ ഫീച്ചറുകൾ നൽകാത്ത ചില കാർ നിർമ്മാതാക്കളുടെ ഈ ഇരട്ടത്താപ്പിനെതിരെയും നിതിൻ ഗഡ്കരി രംഗത്ത് വന്നിരുന്നു. “ബജറ്റ് കാറുകളിൽ ആറ് എയർബാഗുകൾ നിർബന്ധമായും നൽകുന്നതിന് ഞങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. ഇപ്പോഴും രാജ്യാന്തര നിലവാരം പുലർത്താത്ത കാറുകളാണ് ചില കമ്പനികൾ ഇന്ത്യയിൽ നിർമിക്കുന്നത്. എന്നാൽ, രാജ്യാന്തര നിലവാരം പുലർത്തുന്ന അതേ മോഡലിലുള്ള കാറുകളാണ് വിദേശവിപണിക്കായി ഇവർ നിർമിക്കുന്നത്. എനിക്ക് ഇത് ഒരിക്കലും മനസ്സിലാക്കാൻ കഴിയുന്നില്ല. അത്തരം തീരുമാനങ്ങളുടെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ എന്തുകൊണ്ട് അവർ അത് ഗൗരവമായി എടുക്കുന്നില്ല..?, ”ഗഡ്കരി ഒരു സമ്മേളനത്തിൽ ചോദിച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറുകളിൽ ആറ് എയർബാഗുകൾ വേണമെന്ന നിർദ്ദേശത്തെ നിരന്തരം എതിർക്കുന്ന ഓട്ടോമൊബൈൽ കമ്പനികളെയും ഗഡ്കരി രൂക്ഷമായി വിമർശിച്ചു. പുതിയ നിർദ്ദേശം കേന്ദ്രസർക്കാരിന്റെ അഭിപ്രായത്തിൽ ജീവൻ രക്ഷിക്കും. കാറുകളിൽ ആറ് എയർബാഗുകൾ പ്രവർത്തനക്ഷമമായി വിന്യസിച്ചാൽ 2020ൽ 13,00ത്തില്‍ അധികം ജീവനുകള്‍ രക്ഷിക്കാനാകുമെന്ന് പാർലമെന്റിൽ നിർദ്ദേശം പ്രഖ്യാപിച്ച് ഗഡ്കരി പറഞ്ഞിരുന്നു.
ആറ് എയര്‍ബാഗുകള്‍ സ്ഥാപിക്കുന്ന സര്‍ക്കാരിന്റെ ഇത്തരമൊരു നീക്കം കാറുകൾ കൂടുതൽ ചെലവേറിയതാക്കുകയും വാങ്ങാൻ സാധ്യതയുള്ള ഒരു വിഭാഗത്തെ പുറന്തള്ളുകയും സാധാരണക്കാർക്ക് അത് അപ്രായോഗികമാക്കുകയും ചെയ്യുമെന്ന് ഉയർത്തിക്കാട്ടിയ മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ ആർ സി ഭാർഗവയ്ക്കെതിരെയാണ് മന്ത്രിയുടെ പ്രതികരണം എന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
വളരുന്ന ഓട്ടോമൊബൈൽ വ്യവസായത്തിനും വാഹനങ്ങളുടെ എണ്ണത്തിൽ വർധനവിനുമൊപ്പം റോഡുകൾ സുരക്ഷിതമാക്കേണ്ടത് വളരെ പ്രധാനമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഔദ്യോഗിക കണക്കുകൾ പ്രകാരം ലോകത്തെ ഒരു ശതമാനം കാറുകൾ മാത്രമേ ഇന്ത്യയിൽ ഉള്ളൂ. എന്നിരുന്നാലും, ലോകത്തിലെ റോഡപകട മരണങ്ങളിൽ 10 ശതമാനവും ഈ ഒരു ശതമാനം കാറുകളാണ്.