കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ സഹായം ലഭിച്ചതായി പൊലീസ് കണ്ടെത്തിയ രണ്ട് ദിവസം മുമ്പാണ്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് അസി. കമൻഡാന്റും കസ്റ്റംസ് ഓഫീസറും ഉൾപ്പെടെയുള്ളവരുടെ സംഘം അറുപത് തവണ കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയെന്നാണ് കേരള പൊലീസ് കണ്ടെത്തിയത്. സിഐഎസ്എഫ് അസി. കമൻഡന്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയെത്തിയ യാത്രക്കാരിൽ നിന്ന് കേരള പോലീസ് 503 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടിയിരുന്നത്. സ്വർണ്ണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ പോലീസ് വിമാനത്താവള പരിസരത്ത് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. കാർ പാർക്കിങ് ഏരിയയിൽ നമ്പർ ഇല്ലാത്ത വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേരെ ചോദ്യം ചെയ്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഇവരിൽ രണ്ടു പേർ ജിദ്ദയിൽ നിന്നു വന്ന യാത്രക്കാരായിരുന്നു. ഇവരുടെ കയ്യിൽ നിന്നാണ് അനധികൃതമായി കൊണ്ടുവന്ന 503 ഗ്രാം സ്വർണ്ണമിശ്രിതം കണ്ടെത്തിയത്. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ സ്വർണ്ണം കൈപ്പറ്റുന്നതിനായി എത്തിച്ചേർന്നതാണെന്നും കണ്ടെത്തി.
സ്വർണ്ണം കൈപ്പറ്റുന്നതിനായി വന്നവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സ്വർണ്ണം കടത്തുന്നതിന് നിരവധി തെളിവുകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ ഒരു ജീവനക്കാരനെ പരിശോധിച്ചതിൽ പോക്കറ്റിൽ നിന്ന് രണ്ടു ഫോണുകളും ഒരു ലക്ഷം രൂപയും കണ്ടെത്തി. ഇയാളുടെ ഫോണിൽ നിന്ന് ഒരു കസ്റ്റംസ് ഓഫീസറുടെ ഈ മാസത്തെ ഡ്യൂട്ടി ചാർട്ടും കണ്ടെത്തി. കൂടാതെ, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാൻഡന്റുമായുള്ള വാട്ട്സാപ്പ് ചാറ്റും കണ്ടെത്തി. പണം കൈമാറിയതിന്റെ വിശദവിവരങ്ങളും ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ ഇന്ന് സസ്‍പെന്‍ഡ് ചെയ്തു. സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റ്ന്റ് നവീൻ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗാണ് ഉത്തരവിട്ടത്. നവീനെ കേരള പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരിൽ നിന്നും സ്വർണ്ണം പിടികൂടിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചു കൊടുത്തത് സിഐഎസ്എഫ് ഉദ്യോഗസ്ഥനായ നവീനാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്.
ഓരോ തവണ സ്വർണ്ണം കടത്തുന്നതിനും ഇയാൾ പണം കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘത്തിന് വിവരം കൈമാറാനായി രഹസ്യ ഫോൺ നമ്പറുകളും ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊടുവള്ളി സ്വദേശിയായ റഫീഖിന് വേണ്ടി സ്വർണ്ണം കടത്താനാണ് ഇവർ ഒത്താശ ചെയ്തിരുന്നത്.