തിരുവനന്തപുരം : സംസ്ഥാനത്ത് ഏലക്കായ വിലയില്‍ വന്‍ ഇടിവ്. കിലോഗ്രാമിന് 600-750 രൂപയാണു നിലവിലെ വില. ഒരു വര്‍ഷത്തിനിടെ വില പകുതിയില്‍ താഴെയായതോടെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലായി. ഉല്‍പാദനച്ചെലവിന്റെ പകുതി പോലും വില്‍പനയിലൂടെ ലഭിക്കുന്നില്ലെന്നാണു പരാതി. 1500 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ ശരാശരി വില 1700 രൂപയായിരുന്നു. കോവിഡ് വ്യാപനത്തിനു മുന്‍പ് 2200 രൂപ വരെയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഇടുക്കി കട്ടപ്പനയിലെ വില 600-750 രൂപ മാത്രം. 2019 ഓഗസ്റ്റ് മൂന്നിന് കട്ടപ്പന പുറ്റടി സ്‌പൈസസ് പാര്‍ക്കില്‍ നടന്ന ഇ-ലേലത്തില്‍ 7000 രൂപ ലഭിച്ചിരുന്നു. ഏലം വില റെക്കോര്‍ഡിട്ട വര്‍ഷമായിരുന്നു അത്. ഉല്‍പാദനം കൂടിയതിനാല്‍, സ്‌പൈസസ് ബോര്‍ഡിന്റെ ഇ-ലേലത്തില്‍ ഏലക്കായ വന്‍തോതില്‍ എത്തുന്നു. ഒരു ദിവസം 2 ഇ-ലേലമാണ് നടക്കുന്നത്. ഇതിനായി ഒരു ലക്ഷം കിലോ വരെയാണു വ്യാപാരികള്‍ എത്തിക്കുന്നത്.
ചുക്കിന്റെ വില കിലോയ്ക്ക് കഴിഞ്ഞ വര്‍ഷം ആദ്യം കട്ടപ്പന കമ്പോളത്തില്‍ 270 രൂപയായിരുന്നത് ശനിയാഴ്ച 160 രൂപയായി. കുരുമുളകിന് 330 രൂപയായിരുന്നത് 502 രൂപയായി. ഗ്രാമ്പൂ 560 രൂപയായിരുന്നത് 660 രൂപയായി. വടകര കമ്പോളത്തില്‍ പച്ചത്തേങ്ങയുടെ മൊത്ത വില (കിലോയ്ക്ക്) ശനിയാഴ്ച 29.50 രൂപയായിരുന്നു, ചില്ലറ വില 30 രൂപയും. കൊപ്ര വില രാജാപ്പുരിന് (ക്വിന്റലിന്) 17,900 രൂപയും ഉണ്ട കൊപ്രയ്ക്ക് 15,750 രൂപയും കൊട്ടത്തേങ്ങയ്ക്ക് 12,000 രൂപയുമായിരുന്നു ശനിയാഴ്ചത്തെ വില.