കൊച്ചി∙ മേജര്‍ ആര്‍ച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവാ കെസിബിസി പ്രസിഡന്റ്. ബിഷപ് മാർ പോളി കണ്ണൂക്കാടനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരല്ലെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ പറഞ്ഞു. മൽസ്യത്തൊഴിലാളികളുടെ പുനരധിവാസം ഉൾപ്പടെ ഉറപ്പാക്കുന്നതിനു സംസ്ഥാന സർക്കാരിന്റെ സമയബന്ധിതമായ ഇടപെടൽ ഉണ്ടാകണം. തുറമുഖം വരുമ്പോൾ പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ആയിരുന്നു സഭയുടെ ആശങ്കയെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് പ്രതികരണം.
പരസ്പര സഹകരണത്തോടെ മാത്രമേ വിഴിഞ്ഞത്തെ പ്രശ്നത്തിനു ശാശ്വതമായ പരിഹാരം ഉണ്ടാകൂ. ഒത്തുതീർപ്പു ചർച്ചയിൽ സർക്കാർ രേഖാമൂലം ഉറപ്പുകൾ നൽകിയിട്ടുണ്ട്. ഇത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷണസമിതി പരിശോധിക്കും. സമരവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളിൽ വഴിവിട്ട ഇടപെടൽ നടത്തില്ല. സഭ വികസനത്തിനെതിരായി നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നിൽക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസമായി കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ യോഗം കൊച്ചി പിഒസിയിൽ നടന്നു വരികയായിരുന്നു. യോഗം ഇന്ന് സമാപിക്കും.