രാജ്യത്തെ ഏറ്റവും വലിയ എജുക്കേഷനൽ ടെക്‌നോളജി കമ്പനിയായ ബൈജൂസിനെതിരെ ബാലാവകാശ സംരക്ഷണ കമീഷന് (എൻ.സി.പി.സി.ആർ) പരാതി. കുട്ടികളുടെ ഫോൺ നമ്പർ വാങ്ങുന്നു, മാതാപിതാക്കളെ ഭീഷണിപ്പെടുത്തുന്നു, കോഴ്സുകൾ വാങ്ങാൻ നിർബന്ധിക്കുന്നു എന്നിങ്ങനെയാണ് പരാതികൾ. ഇതിനെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ബാലാവകാശ സംരക്ഷണ കമീഷൻ ചെയർപേഴ്സൻ പ്രിയങ്ക് കനൂങ്കൊ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച നേരിട്ടെത്തി വിശദീകരണം നൽകാൻ ബൈജൂസ് സി.ഇ.ഒ ബൈജു രവീന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അറിയിച്ചു.
‘‘കുട്ടികളുടെയും മാതാപിതാക്കളുടെയും ഫോൺ നമ്പറുകൾ വാങ്ങുകയും അവരെ നിരന്തരം പിന്തുടരുകയും അവരുടെ ഭാവി നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ഞങ്ങൾ മനസ്സിലാക്കുന്നു. ഒന്നാം തലമുറ പഠിതാക്കളെയാണ് അവർ ലക്ഷ്യമിടുന്നത്. ഇതിനെതിരെ നടപടിയെടുക്കും, ആവശ്യമെങ്കിൽ റിപ്പോർട്ട് തയാറാക്കി സർക്കാറിന് നൽകും’’, പ്രിയങ്ക് കനൂങ്കൊ പറഞ്ഞു. വിപണിയിലെ ബൈജൂസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഉപഭോക്തൃകാര്യ വകുപ്പും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
കോവിഡിന് മുമ്പ് തന്നെ ഇന്ത്യയിൽ അതിവേഗം വളർന്ന കമ്പനിയാണ് ബൈജൂസ്. ആപ് വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് വൈവിധ്യമാർന്ന കോഴ്‌സുകൾ കമ്പനി ഒരുക്കിയിരുന്നു. എന്നാൽ, ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ബൈജൂസ് നേരിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഷ്ടം 4588 കോടിയായി ഉയർന്നിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. ഇതിന് പിന്നാലെ ചെലവുകൾ പരമാവധി കുറക്കുമെന്ന് കമ്പനി വ്യക്തമാക്കുകയും അഞ്ച് ശതമാനം ജീവനക്കാരെ അടുത്തിടെ പിരിച്ചുവിടുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം പതിനായിരം കോടിയിലെത്തുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ബി.സി.സി.ഐയുമായുള്ള ജഴ്സി സ്പോൺസർഷിപ്പിൽനിന്ന് ബൈജൂസ് പിന്മാറുന്നതായ വാർത്തകൾ ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ബി.സി.സി.ഐ ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2023 അവസാനം വരെയാണ് ബൈജൂസും ബി.സി.സി.ഐയും തമ്മിലുള്ള കരാർ. 55 മില്യൺ ഡോളറിന്റേതാണ് ഇടപാട്. ഇതിൽനിന്ന് 2023 മാർച്ചോടെ പിൻവാങ്ങാനാണ് കമ്പനി ഒരുങ്ങുന്നത്. ബി.സി.സി.ഐയുമായി കരാറുള്ള ഒപ്പോയേക്കാൾ 10 ശതമാനം അധികം തുക ബൈജൂസ് നൽകുന്നുണ്ട്. കണ്ണൂർ സ്വദേശിയായ ബൈജു രവീന്ദ്രനാണ് ബൈജൂസ് ആപ്പിന്റെ സ്ഥാപകൻ.