റിയാദ് : സൗദിയിൽ വളർത്തു മൃഗങ്ങളോടും വന്യ മൃഗങ്ങളോടും ക്രൂരത കാട്ടുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് ദേശീയ വന്യജീവികേന്ദ്രത്തിെന്റെ മുന്നറിയിപ്പ്. കരയിലും കടലിലുമുള്ള ജീവികളോട് അവയുടെ പ്രകൃതിക്കനുസൃതമായ പെരുമാറ്റമാണ് വേണ്ടത്. അല്ലാത്ത രീതിയിലുള്ള പെരുമാറ്റവും അവയെ അലഞ്ഞുതിരിയാൻ വിട്ടയക്കലും രാജ്യത്തെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. ഇത് ജീവികളെയും അപകടത്തിലാക്കും. വിദേശത്ത് നിന്ന് ജീവികളെ കൊണ്ടുവരുമ്പോൾ ആവാസ വ്യവസ്ഥയിൽ നിന്നുള്ള മാറ്റം അവയുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കും. മാത്രമല്ല സൗദിയിലെ തനത് അന്തരീക്ഷത്തിൽ കഴിയുന്ന ജീവികളിലുള്ള നൈസർഗികമായ മൂല്യം നഷ്ടപ്പെടാൻ ഇടയാക്കും. മൃഗങ്ങളെയോ ജന്തുക്കളെയോ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്നത് പാരിസ്ഥിതിക ലംഘനമാണ്. ശിക്ഷ ലഭിക്കുന്ന കുറ്റകൃതൃമാണ്. പ്രകൃതിക്കനുസൃതമല്ലാതെ ക്രമരഹിതമായ രീതിയിൽ വിട്ടയക്കുന്ന ഒരോ ജീവിക്കും 5,0000 റിയാല്‍ പിഴ അടയ്ക്കേണ്ടിവരും. വിദേശത്ത് നിന്നുള്ള ജീവികളെയാണ് ഇത്തരത്തിൽ വിട്ടയക്കുന്നതെങ്കിൽ ഒരു ലക്ഷം റിയാല്‍ പിഴയടക്കേണ്ടി വരും.