തൃശൂർ: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ ഒരു വെല്ലുവിളിയാണെന്ന് സാഹിത്യ അക്കാദമി അധ്യക്ഷനും കവിയുമായ കെ. സച്ചിദാനന്ദൻ. ഒരു കേസിന്റെ ശരി തെറ്റുകൾ അന്വേഷിക്കുക എന്നത് മാധ്യമപ്രവർത്തകരുടെ സ്വാഭാവികമായ പ്രവർത്തനമാണ്. പലപ്പോഴും ചുമതലയാണ്. ആ തരത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കേസിന്റെ വിശദാംശങ്ങൾ അന്വേഷിച്ച അഖില നന്ദകുമാറിനെ കേസിൽ പ്രതിയാക്കിയിരിക്കുന്നു എന്നത് വിസ്മയകരമാണ്. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.
അഖില നന്ദകുമാറിനെതിരെ കേസെടുത്തത് ശരിയായില്ലെന്ന് സാഹിത്യകാരൻ എം.കെ. സാനുവും പറഞ്ഞിരുന്നു. പരാതിയിൽ കോളേജ് ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു ആദ്യം വേണ്ടത്. പിന്നീട് ആവശ്യമാണെങ്കിൽ മാത്രമേ നിയമ നടപടികളിലിലേക്ക് കടക്കാവൂ എന്നാണ് തൻ്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിൽ ഇപ്പോൾ അനാരോഗ്യകരവും വിഷലിപ്തവുമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും കോളേജിലെ പഴയ അധ്യാപകൻ കൂടിയായ എം.കെ. സാനു പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയെ തുടർന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. എന്നാൽ, വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ കെ എസ് യു നേതാവിന്റെ ബൈറ്റെടുക്കുക മാത്രമാണ് അഖില നന്ദകുമാർ ചെയ്തത്. ആർഷോക്കെതിരെ രാഷ്ട്രീയ ആരോപണമെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. എന്നിട്ടും കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചത്. അഖിലക്കെതിരെ കേസെടുത്തതിനെതിരെ വ്യാപകമായ വിമർശനമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.