ബംഗളൂരു: മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ബിജെപിയുടെ ബംഗളൂരു സൌത്തിലെ സ്ഥാനാർത്ഥി തേജസ്വി സൂര്യക്കെതിരെ കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ പ്രതികരിച്ചു. ബെംഗളൂരുവിലെ ജയനഗർ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസെടുത്തത്. സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം. ബിജെപിയെ പിന്തുണയ്ക്കുന്ന 80 ശതമാനം ആളുകളുണ്ടെങ്കിലും 20 ശതമാനം മാത്രമേ വോട്ട് ചെയ്യുന്നൂള്ളൂവെന്നും കോണ്‍ഗ്രസിന് 20 ശതമാനം വോട്ടർമാരേ ഉള്ളൂവെങ്കിലും 80 ശതമാനം പേരും വോട്ട് ചെയ്യുന്നുണ്ട് എന്നുമാണ് തേജസ്വി സൂര്യ പറഞ്ഞത്.












