മുംബൈ : പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ ബിജെപി വക്താവ് നൂപൂർ ശർമയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി. പൂനെയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവിന്റെ പരാതിയിലാണ് പുതിയ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മുംബൈയിലും ഹൈദരാബാദിലും വനിതാ നേതാവിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗ്യാൻവാപി വിഷയത്തിൽ ഒരു ഇംഗ്ലീഷ് ചാനലിൽ നടന്ന സംവാദത്തിനിടെ പ്രവാചകനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നാണ് ആരോപണം. ഹിന്ദു വിശ്വാസത്തെ ചിലർ നിരന്തരം പരിഹസിക്കുകയാണ്. മറ്റു മതക്കാരെ താൻ കളിയാക്കാമെന്നും പറഞ്ഞ നൂപൂർ മുഹമ്മദ് നബിക്കെതിരെ മോശം പരാമർശം നടത്തുകയും ചെയ്തു. പ്രസ്താവനയ്‌ക്കെതിരെ വലിയ വിമർശനങ്ങൾ ഉയരുകയും ചെയ്തു.
ഇന്ത്യൻ സുന്നി മുസ്ലീങ്ങളുടെ സുന്നി ബറേൽവി സംഘടനയായ റാസ അക്കാദമിയുടെ പരാതിയെ തുടർന്നാണ് ഈ കേസുകളിൽ ഒന്ന് മുംബൈയിൽ രജിസ്റ്റർ ചെയ്തത്. ഹൈദരാബാദിലെ സൈബർ ക്രൈം പോലീസ് സ്‌റ്റേഷനിലാണ് രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാചകനും ഇസ്ലാം മതത്തിനും എതിരെ അപകീർത്തികരവും തെറ്റായതുമായ വാക്കുകൾ ശർമ ഉപയോഗിച്ചുവെന്നും മുസ്ലീങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും മുസ്ലിം സംഘടനകൾ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ തനിക്ക് വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടെന്ന് ശർമ്മ ആരോപിച്ചിരുന്നു.