കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ ഗൂഢാലോചന സ്ഥിരീകരിച്ചതായി പോലീസ്. പ്രതികളില്‍ ഒരാള്‍ ഗൂഢാലോചന സ്ഥിരീകരിച്ചതായി സൂചനയുണ്ട്. കേസിലെ അഞ്ച് പ്രതികളില്‍ ഒരാളെ മാപ്പുസാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം നടത്തുകയാണെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കേസിന്റ ഗൗരവം അന്വേഷണസംഘം പ്രതിയോട് വിശദീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന കേസിലെ പ്രതികള്‍ നടിയെ ആക്രമിച്ച കേസിലും ഉള്‍പ്പെടുമെന്ന് പോലീസ് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ പരസ്പരം കൈമാറിയ കേസിലും പ്രതിചേര്‍ക്കുമെന്ന് അന്വേഷണസംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കി അന്വേഷണസംഘം ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദീലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും.
ആദ്യ ദിവസത്തെ മൊഴിയിലെ വൈരുധ്യങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍. പ്രതികളുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജില്‍ നിന്ന് കൂടുതല്‍ മൊഴി വിവരങ്ങള്‍ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുരാജ് നടത്തിയ പണം ഇടപാടുകള്‍ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്ന് ഉണ്ടാകും.