തിരുവനന്തപുരം: പൊതുവേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർക്കെതിരെ ബാലാവകാശ കമിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ എം.ടി അബ്ദുല്ല മുസ്ലിയാർക്കും പെരിന്തൽമണ്ണ സി.ഐക്കും ബാലാവകാശ കമിഷൻ നോട്ടീസയക്കുകയായിരുന്നു. ഈ മാസം 25നകം വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ കമീഷണർക്കും നോട്ടീസയച്ചിട്ടുണ്ട്.
വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയെ പൊതുവേദിയിൽ അപമാനിച്ചത് കുറ്റകൃത്യമാണെന്നും അധികൃതർ സ്വമേധയാ കേസെടുക്കണമെന്നുമായിരുന്നു ഗവർണർ ആവശ്യപ്പെട്ടത്. പെൺകുട്ടികളുടെ അന്തസ്സും അഭിമാനവും കാക്കാൻ രാഷ്ട്രീയകക്ഷികൾ ഇടപെടേണ്ടതുണ്ടെന്നും സംഭവത്തിൽ രാഷ്ട്രീയ പാർട്ടികൾ മൗനം പാലിക്കുന്നത് കനത്ത നിരാശയാണുളവാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൺകുട്ടിയെ അപമാനിച്ചവർക്കെതിരെ കേസെടുക്കാത്തത് അത്ഭുതപ്പെടുത്തുന്നുണ്ടെന്നും അപമാനിക്കപ്പെട്ടിട്ടും അനാവശ്യ രീതിയിൽ പ്രതിക്കരിക്കാത്തതിൽ പെൺകുട്ടിയെയും കുടുംബത്തെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഇസ്ലാമോഫോബിയ വളർത്താൻ കാരണമാകുന്നുണ്ടെന്നും പെൺഭ്രൂണഹത്യ നിരോധിച്ച മതമാണ് ഇസ്ലാമെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
തൊട്ടുപിന്നാലെ ആരോഗ്യ മന്ത്രി വീണ ജോർജും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും പ്രതികരണമറിയിച്ചു. സമസ്ത നേതാവിന്‍റെ പരാമർശം പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണെന്നായിരുന്നു വീണ ജോർജ് അഭിപ്രായപ്പെട്ടത്. ഒരുതരത്തിലുള്ള സ്ത്രീവിരുദ്ധ നിലപാടിനോടും കോൺഗ്രസിനും യു.ഡി.എഫിനും യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വ്യക്തമാക്കി. സംഭവത്തിൽ നിരവധി നേതാക്കളും പ്രമുഖരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.