മുബൈ: മഹാരാഷ്ട്രയിൽ സർക്കാർ ആശുപത്രിയിൽ ആശുപത്രി ഡീനിനെകൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ച ശിവസേന എം.പിക്കെതിരെ കേസ്. ഡീന്റെ പരാതിയിലാണ് ശിവസേന എം.പി ഹേമന്ത് പാട്ടീലിനെതിരെ കേസ് എടുത്തിരിക്കുന്നത്.കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഡീൻ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം തന്നെ അപകീർത്തിപ്പെടുത്തിയെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു.ക്രിമിനൽ ബലപ്രയോഗം, അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, പട്ടികജാതി-പട്ടികവർഗത്തിനെതിരെയുള്ള അതിക്രമങ്ങൾ തടയൽ എന്നീ കുറ്റങ്ങൾ ഹേമന്ത് പാട്ടീലിനെതിരെ ചുമത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ സർക്കാർ ആശുപത്രിയിൽ 48 മണിക്കൂറിനുള്ളിൽ 30-ലധികം മരണങ്ങൾ ഉണ്ടായത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി ആശുപത്രിയിലെത്തിയ ഹേമന്ത് പാട്ടീൽ വൃത്തിഹീനമായ ശുചിമുറി വൃത്തിയാക്കാൻ ആശുപത്രി ഡീനിനോട് ആവശ്യപ്പെടുകയായിരുന്നു.മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു. എന്നാൽ മരുന്ന് ക്ഷാമം സംബന്ധിച്ച ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു.