കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ വീണ്ടും പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പ്രവർത്തകൻ ഷെഫീക്കിനെതിരെതിരെയാണ് കേസ്. കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ അശ്ലീല കമന്റിട്ട് അപകീർത്തിപ്പെടുത്തിയെന്ന സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ പരാതിയിലാണ് പേരാമ്പ്ര പൊലീസിന്റെ നടപടി. തനിക്കെതിരെ നടക്കുന്നത് അധാർമിക സൈബർ ആക്രമണമെന്ന് കെ കെ ശൈലജ പറഞ്ഞു.
തന്റെ പൊളിറ്റിക്കൽ ക്രെഡിബിലിറ്റി ചോദ്യം ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ജയത്തിന് തനിക്ക് വ്യാജ ആരോപണങ്ങൾ ഉന്നയിക്കേണ്ട കാര്യമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. അതിനിടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന കെ കെ ശൈലജയുടെ പ്രസ്താവനക്കെതിരെ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ രംഗത്തെത്തി. കെ കെ ശൈലജയുടേത് നിലപാട് മാറ്റം എന്ന് ഹസ്സൻ വിമർശിച്ചു.