തിരുവനന്തപുരം: എസ്എഫ്ഐ നേതാവിന്റെ മർദനമേറ്റ വിദ്യാർഥിനിക്കെതിരെ കേസെടുത്ത സംഭവത്തിൽ ഡിജിപി റിപ്പോർട്ട് തേടി. പെൺകുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി റിപ്പോർട്ട് തേടിയത്. കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർഥിനിക്കാണ് മർദനമേറ്റത്. ആറൻമുള പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക് പെൺകുട്ടി പരാതി നൽകിയിരുന്നു. ഇതിൻ്റെയടിസ്ഥാനത്തിൽ അടിയന്തരമായി തുടർ നടപടി എടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിർദേശം നൽകുകയായിരുന്നു.
പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി നൽകിയ വിദ്യാർഥിനിക്കെതിരെ ആറന്‍മുള പൊലീസ് വീണ്ടും കേസെടുത്തിരുന്നു. സഹപാഠിയായ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ചു എന്ന പരാതിയിലാണ് പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമപ്രകാരം കേസ് എടുത്തത്. പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തുമാണ് ഇതിലും പ്രതികള്‍. ഇതോടെ മൂന്ന് കേസിലാണ് മര്‍ദനമേറ്റ പെണ്‍കുട്ടിയെ പോലീസ് പെടുത്തിയത്. എസ്എഫ്ഐക്കാരാണ് രണ്ട് പരാതിക്കാരും. എസ്.എഫ്.ഐ. നേതാവ് ജെയ്സണ്‍ ആക്രമിച്ചു എന്ന പരാതിയില്‍ മൂന്നു ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. പക്ഷെ മണിക്കൂറുകള്‍ക്കകം പരാതിക്കാരിക്ക് എതിരെ പൊലീസ് കേസെടുത്താണ് ഇരട്ടത്താപ്പ്. മർദ്ദനമേറ്റ പെൺകുട്ടിക്ക് നീതി കിട്ടാൻ പൊലീസ് സ്റ്റേഷൻ ഉപരോധിച്ച 10 യൂത്ത് കോൺഗ്രസ് – കെഎസ്‌യു നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇന്നലെ കേസെടുത്തിരുന്നു.




















