തിരുവനന്തപുരം: സ്കൂട്ടർ സർവീസ് റോഡിലേക്ക് പതിച്ച് യുവതി മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ച യുവതിക്കെതിരെ കേസെടുത്തു. മരിച്ച സിമി എന്ന യുവതിയുടെ സഹോദരി സിനിക്കെതിരെയാണ് കേസെടുത്തത്.
സ്കൂട്ടർ ഓടിച്ചത് അമിത വേഗതയിൽ അശ്രദ്ധമായാണെന്ന് പേട്ട പൊലീസിന്‍റെ എഫ്.ഐ.ആറിൽ പറയുന്നു. മാത്രമല്ല, സിമിയുടെ ബന്ധു പേട്ട പൊലീസിൽ പരാതിയും നൽകിയിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് തിരുവനന്തപുരം വെൺപാലവട്ടത്ത് യുവതി മരിച്ച അപകടമുണ്ടായത്. മരിച്ച സിമി, മൂന്നു വയസ്സുകാരി മകൾ ശിവന്യ, സഹോദരി സിനി എന്നിവരാണ് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് താഴെയുള്ള സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഗുരുതരമായി പരിക്കേറ്റ കോവളം വെള്ളാർ സ്വദേശിനി സിമിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിൽ പരിക്കേറ്റ സിനിയും സിമിയുടെ മകളും ആശുപത്രിയിൽ ചികിത്സയിലാണ്.