കൊല്ലം: കല്ലുവാതുക്കലിൽ കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ മാതാവിന് പത്ത് വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി രേഷ്മ ഒരു വർഷം ജയിലിൽ കഴിഞ്ഞതിനാൽ 9 വർഷം കൂടി ശിക്ഷ അനുഭവിക്കണമെന്ന് കോടതി പറഞ്ഞു. നരഹത്യ, കുട്ടികളോടുള്ള ക്രൂരത എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്. 2021 ജനുവരി അഞ്ചിനാണ് പ്രതി വീടിന് പിന്നിലെ റബ്ബർ തോട്ടത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ചത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ കുഞ്ഞ് തടസ്സമാണെന്ന് കരുതിയാണ് കൃത്യം ചെയ്തതെന്ന് രേഷ്മ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ കാമുകൻ എന്ന പേരിൽ വ്യാജ അക്കൗണ്ടിലൂടെ പ്രതിയുമായി ചാറ്റ് ചെയ്‌തത് രേഷ്‌മയുടെ ഭർത്താവിൻ്റെ ബന്ധുക്കളായ രണ്ട് യുവതികളായിരുന്നു. രേഷ്‌മയുടെ അറസ്റ്റിന് പിന്നാലെ ഇരുവരും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്തു.