തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടൻ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. നടി അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും. ഹർജി നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്.ഈ മാസം 30 ന് കുറ്റപത്രംനൽകാൻ ആയിരുന്നു നിർദ്ദേശം. കുറ്റപത്രം നൽകുന്നത് തടയണം എന്നാണ് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെടുക. ഇടക്കാല ഉത്തരവ് വേണം എന്നും ആവശ്യപ്പെടും. കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനം ആയിട്ടില്ല.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്നാരോപിച്ച് ) അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ചാകും കേസ് കേൾക്കുക. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും അതിജീവിതയുടെ ആവശ്യത്തെത്തുടർന്ന് വാദം കേൾക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. വരുന്ന തിങ്കളാഴ്ച അധിക കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസ് അട്ടിമറിച്ച ദിലീപിന്‍റെ അഭിഭാഷകരെ ഒഴിവാക്കിയെന്നും വിചാരണക്കോടതിയുടെ നടപടികളിൽ പരിശോധന വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം
അതിനിടെ കേസിൽ മുന്‍ മന്ത്രി എം എം മണി നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന്‍ രംഗത്തെത്തി. “വൺ, ടു, ത്രീ.. ചത്തവന്‍റെ വീട്ടിൽ കൊന്നവന്‍റെ പാട്ട്” എന്ന തലക്കെട്ടിൽ ഫേസ് ബുക്ക് കുറിപ്പിലാണ് തിരുവഞ്ചൂരിന്‍റെ വിമർശനം. മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച പൈശാചിക സംഭവത്തെ ഇത്ര നിസ്സാരവത്കരിച്ച് പറയാനുള്ള മനസ്സിനെ സമ്മതിക്കണമെന്ന് തിരുവഞ്ചൂർ വിമര്‍ശിക്കുന്നു. ഇടത് ബുദ്ധിജീവികളും സഹയാത്രികരും പ്രതികരിച്ച് കണ്ടില്ലെന്നും വിമർശനമുണ്ട്. ഇരകളെയും എതിരാളികളെയും സമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നത് സിപിഎമ്മിന്‍റെ രക്ഷപ്പെടൽ തന്ത്രമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറയുന്നു.