കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാത്തതിനാൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ക്രൈംബ്രാഞ്ച് സമയം തേടി. പ്രതികളുടെ ശബ്‌ദ സാമ്പിളുകൾ ശേഖരിക്കണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താൻ ഉണ്ടെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡി. സ്പെഷ്യല്‍ സെഷന്‍സ് കോടതി സമയം നല്‍കിയിരുന്നത്. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു.
അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24ന് ദിലീപ് കോടതിയില്‍ വാദിച്ചത്. അതേസമയം, വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി ആവശ്യപ്പെട്ട് വിചാരണക്കോടതിയും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലും, അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് തുടരന്വേഷണം നടത്തുന്നത്. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.