കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും. പള്‍സര്‍ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പൊലീസ് നീക്കം. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. തന്റെ ജീവന് അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന് പറഞ്ഞതായും അവര്‍ വെളുപ്പെടുത്തിയിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന മൊഴിയില്‍ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാര്‍ കൈമാറിയ ഓഡിയോ സന്ദേശത്തില്‍ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്.