കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്. വിചാരണക്കോടതിയിലാണ് ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ നടന് ദിലീപ് കണ്ടെന്ന നടന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കയ്യിലെത്തിയത് അന്വേഷിക്കണം എന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ അന്തിമ ഘട്ടത്തില്‍ എത്തിനില്‍ക്കെ ഈ ആവശ്യത്തില്‍ കോടതിയുടെ നിലപാട് നിര്‍ണായകമാകും. ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനിരിക്കെയാണ് പ്രോസിക്യൂഷന് പുതിയ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിച്ചു എന്ന ആരോപണത്തിലും തുടരന്വേഷണ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് പൊലീസും ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ ലഭിച്ചിരുന്നെന്നും ഇതിനു താന്‍ സാക്ഷിയാണ് എന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ഒരു വിഐപി വഴി ഈ ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ചു. ദിലീപിന്റെ സഹോദരന് അനൂപും സഹോദരീ ഭര്‍ത്താവും ഉള്‍പ്പടെയുള്ളവര്‍ ഈ ദൃശ്യങ്ങള്‍ കണ്ടതിനു താന്‍ സാക്ഷിയാണെന്നുമാണ് വാദം. ദൃശ്യങ്ങള്‍ കാണാന്‍ തന്നെ ക്ഷണിച്ചെങ്കിലും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആണെന്നു മനസിലായതിനാല്‍ വരുന്നില്ലെന്നു പറഞ്ഞ് ഒഴിവായി. കാവ്യ ഉള്‍പ്പടെയുള്ളവര്‍ തന്നെ പലപ്പോഴും വിളിച്ചിട്ടുണ്ടെന്നും ഈ വിവരം വെളിപ്പെടുത്താന്‍ പൊലീസ് ഉദ്യോഗസ്ഥയെ ബന്ധപ്പെട്ടെങ്കിലും അവര്‍ താല്പര്യം കാണിച്ചില്ലെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.