കൊച്ചി : കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് നിര്‍ണായക വിധി വരും. വിചാരണ കോടതി നടപടികള്‍ക്കെതിരെ പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയാണ് ഇന്ന് വിധി പറയുക. ജസ്റ്റിസ് കൗസര്‍ എടപ്പഗതാണ് ഹര്‍ജി പരിഗണിക്കുന്നത്. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിച്ചത്. സാക്ഷികളെ വീണ്ടും വിസ്താരിക്കുന്നതിന് മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷന് വീഴ്ച്ചകള്‍ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിള്‍ ബഞ്ച് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതില്‍ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു.
പ്രോസിക്യൂഷന് കേസിന് അനുകൂലമായി സാക്ഷിമൊഴികള്‍ ഉണ്ടാക്കിയെടുക്കാനാണോ പുതിയ നീക്കമെന്ന ചോദ്യവും ഹര്‍ജി പരിഗണിക്കവെ കോടതിയുയര്‍ത്തിയിരുന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ മറ്റൊരു സിംഗിള്‍ ബഞ്ച് പരിഗണിക്കും.