കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുനര്‍വിസ്താരത്തിനുള്ള സാക്ഷി പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയില്‍ ഏഴുപേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരാകരിച്ചു. മൂന്നുപേരുടെ പുനര്‍വിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നല്‍കിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താനും കോടതി അനുമതി നല്‍കി. എന്നാല്‍ ഇത് പോരെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
കേസില്‍ വിചാരണ നീട്ടണമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. വിചാരണയ്ക്ക് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഫെബ്രുവരി 16 വരെയാണ് വിചാരണയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍
നിര്‍ണായകമായ പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ വിചാരണ നീട്ടണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. കേസില്‍ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയില്‍ ആശങ്കയുണ്ടെന്നും നടി കത്തില്‍ വ്യക്തമാക്കിയിരുന്നു.
കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി എറണാകുളം സിജെഎം കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കി. വിഷയത്തില്‍ സംവിധായകന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തല്‍ പ്രത്യേക സംഘമാകും അന്വേഷിക്കുക. നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനില്‍ കുമാറുമായി പ്രതി ദിലീപിന് ബന്ധമുണ്ടെന്നും, നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ മുഖ്യ തെളിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.