തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഡബ്ല്യൂസിസി. നീതി പൂർവമായ വിചാരണ ഉറപ്പാക്കണമെന്നും തുടരന്വേഷണം വേണമെന്നും ഡബ്ല്യൂസിസി കത്തിൽ ആവശ്യപ്പെടുന്നു. മുഖ്യ പ്രതി സുനിൽ കുമാറുമായി ദിലീപിന് ബന്ധമുണ്ടെന്നും നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഡബ്ല്യൂസിസിയുടെ കത്ത്. കേസിൽ ആശങ്ക രേഖപ്പെടുത്തി ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു . തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ ഹർജി എറണാകുളം പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന് ഉടൻ നോട്ടിസ് നൽകും. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് കണ്ടെത്താൻ ആയിട്ടില്ലെന്നും അതിൽ അന്വേഷണം തുടരുകയാണെന്നും രണ്ടാം ഘട്ട കുറ്റപത്രത്തിൽതന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. മാത്രമല്ല നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നുമുള്ള വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയാണെന്നാണ് പുതുതായി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയത്. ഇതൊടൊപ്പം കേസിൽ അന്തിമ കുറ്റപത്രം നൽകുന്നത് വരെ വിചാരണ നിർത്തി വെക്കണമെന്ന അപേക്ഷയും പോലീസ് നൽകിയിരുന്നു.